റോളുകള്‍ക്കായി തന്നെ സമീപിക്കുന്ന സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്നില്‍ സായ് പല്ലവി വെക്കുന്ന നിബന്ധനകളാണ് അവര്‍ക്ക് തമിഴിലുള്‍പ്പെടെ പുതിയ അവസരം ലഭിക്കാന്‍ തടസമാവുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗ്ലാമര്‍ വേഷങ്ങള്‍ പറ്റില്ല, ദ്വയാര്‍ഥ പ്രയോഗമുള്ള ഡയലോഗുകള്‍ ഒഴിവാക്കണം, ഷൂട്ടിംഗ് ഷെഡ്യൂള്‍ മുന്‍കൂട്ടി അറിയിക്കണം എന്നിവ തന്നെ സമീപിക്കുന്നവരോട് സായ് പല്ലവി പറയുന്ന നിബന്ധനകളാണെന്നും അതിനാല്‍ സമീപിക്കുന്ന പലരും കരാറൊപ്പിടാതെ തിരിച്ചുപോവുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്താനത്തിന്റെ നായികയായി സായ് പല്ലവിയെയാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സായ് മുന്നോട്ടുവെച്ച നിബന്ധനകള്‍ അവരെ അഭിനയിപ്പിക്കണമോ എന്ന് പര്യാലോചിക്കാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ‘പ്രേമം’ എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി.
ആര്‍ക്കെങ്കിലും കുറ്റം പറയാനായി തമിഴ് സിനിമയില്‍ ഞാനിനിയും അഭിനയിച്ച് തുടങ്ങിയിട്ടുപോലുമില്ല. ഇത്തരം കിംവദന്തികള്‍ക്ക് പിന്നില്‍ ആരാണെന്ന് എനിക്കറിയില്ല. എന്തിനാണ് ഇത്തരം പ്രചാരണങ്ങള്‍ ചിലര്‍ നടത്തുന്നതെന്നും. എനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രം ധരിക്കാനോ ദ്വയാര്‍ഥപ്രയോഗമുള്ള സംഭാഷണങ്ങള്‍ പറയാനോ ഇതുവരെ ഒരു സംവിധായകനും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. സിനിമാലോകത്തുനിന്ന് മോശം അനുഭവങ്ങളൊന്നും ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല.
‘പ്രേമ’ത്തിനും സമീര്‍ താഹിറിന്റെ ‘കലി’ക്കും ശേഷം ഒരു തെലുങ്ക് ചിത്രത്തിലാണ് സായ് പല്ലവി അടുത്തതായി അഭിനയിക്കുന്നത്. ‘ഫിദാ’ എന്ന പേരില്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ തേജ് ആണ് നായകന്‍. സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്.