‘ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം രേഖകള്‍ നശിപ്പിക്കാന്‍ ദിലീപ് പറഞ്ഞു’: ഹാക്കര്‍ സായിശങ്കര്‍

തിരുവനന്തപുരം: ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് ഹാക്കര്‍ സായിശങ്കര്‍. ഫോണില്‍ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കര്‍ പറഞ്ഞു.

ദിലീപിന്റെ ഫോണ്‍രേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. നശിപ്പിച്ചുകളഞ്ഞതില്‍ കോടതി രേഖകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത്. വാട്‌സാപ്പില്‍ ഉണ്ടായിരുന്നത് കോടതി രേഖകളാണ്. വാട്‌സാപ്പിലേക്ക് ഫോര്‍വേഡ് ചെയ്ത് വന്നതാണിവ. നടിയുടെ സ്റ്റേറ്റ്‌മെന്റുകളായിരുന്നു പലതും. കോടതിയില്‍ നിന്ന് കിട്ടുന്ന രേഖകളല്ല എന്ന് തന്നോട് പറഞ്ഞിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കാന്‍ പറഞ്ഞു.

ഫോണില്‍ പള്‍സര്‍ സുനിയുടെ ചിത്രങ്ങളുണ്ടായിരുന്നില്ല. 2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണില്‍ അധികവും ഉണ്ടായിരുന്നത്. കുടുംബചിത്രങ്ങളാണ് കൂടുതല്‍ ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി വിവരങ്ങളും ഉണ്ടായിരുന്നു. അഭിഭാഷകരുടെ പെന്‍ഡ്രൈവിലാണ് വിവരങ്ങള്‍ ഉണ്ടായിരുന്നത്. കേസിന്റെ വിവരങ്ങളാണെന്ന് മനസിലായപ്പോള്‍ താന്‍ ചോദിച്ചു. സംരക്ഷിച്ചുകൊള്ളാമെന്ന് അഭിഭാഷകര്‍ ഉറപ്പ് നല്‍കി. അന്വേഷണം വന്നപ്പോള്‍ മാറിനില്‍ക്കാന്‍ സഹായിച്ചതും ദിലീപിന്റെ അഭിഭാഷകരാണ് എന്നും സായിശങ്കര്‍ പറയുന്നു.

Top