സിനിമാതാരം സൈജു കുറുപ്പ് നിര്‍മ്മാണ രംഗത്തേക്കു പ്രവേശിക്കുന്നു. ഭരതനാട്യം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ ജോഷ് മാളില്‍ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാര്‍, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വെബ്, ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണദാസ് മുരളിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സൈജു കുറുപ്പിന്റെ മാതാവ് ശോഭന കെ.എം സ്വിച്ചോണ്‍ കര്‍മ്മവും നടന്‍ നന്ദു പൊതുവാള്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ജിബു ജേക്കബ്, സിന്റോ സണ്ണി, മനു രാധാകൃഷ്ണന്‍ (ഗു എന്ന ചിത്രത്തിന്റെ സംവിധായകന്‍), ഛായാഗ്രാഹകന്‍ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങില്‍ സാന്നിദ്ധ്യമറിയിച്ചു.
ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായകന്‍ താനാണന്ന് താനാണന്ന് സൈജു കുറുപ്പ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇടത്തരം ഗ്രാമ പശ്ചാത്തലത്തില്‍, നാട്ടിലെ പ്രബലമായ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള ഫാമിലി ഡ്രാമയാണ് ഈ ചിത്രം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും സമൂഹത്തിലെ പൊതുവായ പ്രശ്‌നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമായ ഒരു യുവാവിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. സൈജു കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ഗംഗ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം), ശ്രുതി സുരേഷ് (പാല്‍ തൂജാന്‍വര്‍ ഫെയിം) എന്നിവരും പ്രധാന വേഷമണിയുന്നു. മനു മഞ്ജിത്തിന്റ വരികള്‍ക്ക് സാമുവല്‍ എബി ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം – ബബിലു അജു. എഡിറ്റിംഗ് – ഷഫീഖ്- വി.ബി. മേക്കപ്പ് – മനോജ് കിരണ്‍ രാജ്. കോസ്റ്റ്യൂം ഡിസൈന്‍ – സുജിത് മട്ടന്നൂര്‍. കലാസംവിധാനം – ബാബു പിള്ള. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാംസണ്‍ സെബാസ്റ്റ്യന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് -കല്ലാര്‍ അനില്‍, ജോബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജിതേഷ് അഞ്ചുമന. മാള, അന്നമനട, മൂക്കന്നൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്‍.ഒ -വാഴൂര്‍ ജോസ്. ഫോട്ടോ – ജസ്റ്റിന്‍ ജയിംസ്.