ഹൈദരാബാദ്: യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം തീക്കൊളുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പോലീസ് നടപടിയെ അനൂകൂലിച്ചും വിമര്‍ശിച്ചും വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ തെലങ്കാന പൊലീസ് നടപടിയെ അനുകൂലിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ രംഗത്ത്.
മഹത്തായ കാര്യമാണ് ഹൈദരാബാദ് പോലീസ് ചെയ്തതെന്നു പറഞ്ഞ സൈന, ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഇങ്ങനെയുള്ള പൊലീസ് നടപടികളിലൂടെ ഭാവിയില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ എന്നാണ് മറ്റൊരു ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ടയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം രാത്രി ഡോക്ടറെ ചുട്ടെരിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്താന്‍ കൊണ്ടുവന്നതായിരുന്നു പ്രതികളെ. അതിനിടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെയാണ് നാലുപേരെയും പൊലീസ് വെടിവെച്ചുകൊന്നത്.
പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.
ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.