ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന് സൂചന നല്‍കി മുത്തലാഖിനെതിരെ പോരാടിയ സൈറ ബാനു. മുസ്ലിം സമൂഹത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ പ്രശംസിച്ച അവര്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ മുസ്ലിം അനുകൂല നിലപാട് മനസിലാക്കിയ താന്‍ അവസരം കിട്ടിയാല്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് തീരുമാനമെടുത്തതായും അവര്‍ വ്യക്തമാക്കി.
മുസ്ലിം സമുദായത്തിലെ മുത്തലാഖ് വിവാഹമോചന സംവിധാനത്തിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിയായ സൈറ ബാനുവായിരുന്നു. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 2016 മുതല്‍ സൈറാ ബാനു നടത്തിയ നിയമപോരാട്ടം മുത്തലാഖ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിലേക്ക് വഴിവച്ചിരുന്നു.
സൈറാ ബാനുവിനൊപ്പം കത്തുവഴി മൊഴി ചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷണ്‍ പര്‍വീണ്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്രി എന്നിവരുടെ ഹര്‍ജികളും 2015ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെയും ആദര്‍ശ് കുമാര്‍ ഗോയലും പരിഗണിച്ച പൊതു താത്പര്യഹര്‍ജികളും കണക്കിലെടുത്തായിരുന്നു വിധി.