Sajan did not know, lying dead in bosom of his own son

പാലാ: ലോകത്തെ ഒരച്ഛനും ഈ അവസ്ഥയുണ്ടാകാതിരിക്കട്ടെ. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് മരിച്ചത് സ്വന്തം മകനാണെന്നറിയാതെ സാജന്‍ മകന്റെ മുറിവേറ്റ ശരീരവുമായി ആശുപത്രിയിലേക്ക് പായുകയായിരുന്നു. രക്തത്തില്‍ കുളിച്ചു മടിയില്‍ കിടന്ന ആ കുട്ടി മകനാണെന്നും അവന്റെ ജീവന്‍ പൊലിഞ്ഞെന്നും ആശുപത്രിയില്‍ വച്ചാണ് ആ പിതാവ് തിരിച്ചറിഞ്ഞത്. വികാര നിര്‍ഭരമായ ഈ രംഗം കണ്ടുനിന്നവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു.

രാമപുരം തേവര്‍കുന്നേല്‍ സാജന്റെ മകന്‍ ആകാശ് (13) ആണ് അപകടത്തില്‍ മരിച്ചത്. സാജനും ഭാര്യ ഈരാറ്റുപേട്ട മൂലേച്ചാലില്‍ സിജിക്കും വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷം ജനിച്ച ഏക മകനായിരുന്നു ആകാശ്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ രാമപുരം വെള്ളിലാപ്പള്ളി സ്‌കൂളിനു സമീപം പുതുവേലി പാലത്തിലായിരുന്നു അപകടം. ഇതിനോടു ചേര്‍ന്നാണ് ആകാശിന്റെ വീട്. അമിത വേഗത്തിലെത്തിയ ശരണ്യ എന്ന സ്വകാര്യ ബസ് വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആകാശും സുഹൃത്ത് താളനാനിക്കല്‍ ക്രിസ്റ്റി ദിലീപും. അമനകര ചവറ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.

സൈക്കിള്‍ തള്ളിക്കൊണ്ട് പരസ്പരം സംസാരിച്ചു നടക്കുകയായിരുന്നു ഇവര്‍. എറണാകുളത്തു നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസ് പിന്നില്‍ നിന്നു വന്ന് വിദ്യാര്‍ത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. റോഡരികിലെ റബര്‍ തോട്ടത്തിലേക്ക് ക്രിസ്റ്റി തെറിച്ചു വീണു. ആകാശിനെ ബസിനടിയില്‍ നിന്നാണ് പുറത്തെടുത്തത്. സൈക്കിളും തെറിച്ചുപോയി. ശബ്ദം കേട്ട് ഓടിയെത്തിയ സാജന്‍ രണ്ടു കുട്ടികളെയും എടുത്ത് കാറില്‍ കയറ്റി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ശബരിമല തീര്‍ഥാടകരുടെ വാഹനത്തെ മറികടന്നെത്തിയ ശരണ്യ ബസ് എതിരെ വന്ന തടി കയറ്റിയ ലോറിയില്‍ ഇടിക്കാതെ ഇടത്തേക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് വൈദ്യുതി തൂൂണില്‍ ഇടിച്ച് ബസ് നിന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബസ് ജീവനക്കാര്‍ കടന്നുകളഞ്ഞു. രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തു. ബസ് കത്തിക്കാനുള്ള ശ്രനടന്നു. ഇത് തടഞ്ഞ പൊലീസ് നാട്ടുകാരെ ഓടിച്ചു. ഇതിനിടയില്‍ കല്ലേറുമുണ്ടായി.

ക്രിസ്റ്റിയെ ആദ്യം തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ക്രിസ്റ്റിയുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തിനിടയില്‍ പാലാ സിഐ: ബാബു സെബാസ്റ്റിയനടക്കം ഒട്ടേറെ ആളുകള്‍ക്കും പരുക്കേറ്റു. ബാബു സെബാസ്റ്റിയനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട് നടുക്കിയ ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാമപുരം.

Top