പ്രവാസിയുടെ ആത്മഹത്യ: ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ പ്രാഥമിക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം. സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാന്‍ ശ്യാമള ഇടപെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ശ്യാമളയുടെ ഇടപെടലുകളെ കുറിച്ച് അന്വേഷിച്ചത്. എന്നാല്‍ നഗരസഭാ അധ്യക്ഷ ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്.

അതേസമയം ഉദ്യോഗസ്ഥ തലത്തില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന് അനുമതി നല്‍കാന്‍ എഞ്ചിനിയറിംഗ് വിഭാഗം നടപടി സ്വീകരിച്ചിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

തിങ്കളാഴ്ച അന്വേഷണ സംഘം നഗരസഭാ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. സാജന്റെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്തു. സാജന്റെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിച്ചു. ഈ അന്വേഷണങ്ങളിലൊന്നും ശ്യാമളയുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. ഇതോടെ ശ്യാമളയ്‌ക്കെതിരേ കേസെടുക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

Top