തിരുവനന്തപുരം: കെ.പി.എ.സി ലളിതയുടെ മരണത്തില്‍ അനുശോചിച്ച് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വാര്‍ത്ത അറിഞ്ഞപ്പോള്‍ സത്യമാകരുതേയെന്ന് ഏറെ ആശിച്ചു.
എല്ലാ അര്‍ത്ഥത്തിലും നമുക്ക് നേരിട്ട് പരിചയമുള്ള ഒരു അയല്‍ക്കാരി ആയിരുന്നു ലളിതചേച്ചിയുടെ കഥാപാത്രങ്ങള്‍. ചിരിപ്പിക്കാനും കരയിപ്പിക്കാനും കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ കാണികളിലേക്ക് പകരാനും അസാമാന്യമായ വൈഭവം ചേച്ചിക്ക് ഉണ്ടായിരുന്നുവെന്നും സജി ചെറിയാന്‍ ഓര്‍മ്മിപ്പിക്കുന്നു.
നൂറുകണക്കിന് ചിത്രങ്ങളിലൂടെ ലളിതചേച്ചി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അസുഖബാധിതയായി ചികിത്സയില്‍ ആയപ്പോള്‍ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ഉടനെ സജീവമായി തിരിച്ചെത്തും എന്നും പ്രതീക്ഷിച്ചു. അതുണ്ടായില്ല, മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി ചേച്ചി വിടവാങ്ങിയിരിക്കുന്നു. സിനിമാലോകത്തെ സംബന്ധിച്ചു അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത വിടവാണിത്. ചേച്ചിയുടെ കുടുംബത്തിന്റെയും മലയാളി സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.