‘മരക്കാര്‍’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാന്‍. ഫിലീം ചേംബറുമായി നടത്തിയ ചര്‍ച്ചയിലാണ് സജി ചെറിയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 15 ദിവസമെങ്കിലും തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചത്.

‘ മരക്കാര്‍’ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. തിയറ്റര്‍ തുറക്കാത്തപ്പോഴാണ് ഓവര്‍ ദ് ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകള്‍ പ്രസക്തമാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം മരക്കാര്‍ നിര്‍മ്മാതാവും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഫിലിം ചേംബറിന്റെ മധ്യസ്ഥതയിലായിരുന്നു ഈ ചര്‍ച്ച. അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങള്‍ ഫിയോക് ഉന്നയിച്ചു. ഇതോടെ ഫിലിം ചേംബര്‍ മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ ചര്‍ച്ച ഫലവത്താവാത്തതിനെ തുടര്‍ന്ന് ചിത്രം ഒടിടി റിലീസ് ആകുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. അതേസമയം മരക്കാര്‍ തിയറ്ററുകളില്‍ എത്തിക്കുന്നത് സംബന്ധിച്ച് ഒരു അവസാനവട്ട ചര്‍ച്ച കൂടി നടത്താന്‍ ചേംബര്‍ ശ്രമിക്കുന്നുമുണ്ട്.

Top