തിരുവനന്തപുരം: വിനായകന്റെത് കലാ പ്രകടനം എന്ന സജി ചെറിയാന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മദ്യപിച്ച് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയത് നാട്ടുകാര്‍ കണ്ടതാണ്. മന്ത്രി പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനായതിനാലാണ്. ഒരു സാംസ്‌കാരിക മന്ത്രിക്ക് ചേര്‍ന്നതല്ല ഇതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിനായകന്‍ നല്ല നടനാണ്. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി അലമ്പ് കാണിച്ചാല്‍ കേസെടുക്കണം. എല്ലാവരും പൊലീസ് സ്റ്റേഷനില്‍ എത്തി കലാപക്രടനം നടത്തിയാല്‍ നാടിന്റെ സ്ഥിതി എന്താകും. ഉമ്മന്‍ചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച വ്യക്തിയാണ് വിനായകന്‍. അന്ന് കേസ് കൊടുക്കാതിരുന്നത് കുടുംബത്തിന്റെ മാന്യതയാണ്. പോലീസ് സ്റ്റേഷനില്‍ ചെന്ന് എന്തും ചെയ്യാം എന്നതിന്റെ ലൈസന്‍സ് ആണ് മന്ത്രി സജി ചെറിയാന്‍ നല്‍കിയതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
വിനായകന്റെ പ്രവൃത്തി ഒരു കലാപ്രവര്‍ത്തനമായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. വിനായകന്‍ ഒരു കലാകാരന്‍ അല്ലേ, ഇത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി. കലാകാരന്മാര്‍ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂ, നമ്മള്‍ അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.