‘ഊണും ഉറക്കവും ഇല്ലാതെ നമ്മുക്ക് വേണ്ടി ജീവിക്കുന്ന നാടിന്റെ കാവല്‍ക്കാര്‍’ സൈന്യത്തിന് നന്ദി പറഞ്ഞ് സജി ചെറിയാന്‍

Saji Cherian,

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈന്യത്തിന് നന്ദി പറഞ്ഞ് സജി ചെറിയാന്‍ എംഎല്‍എ. സൈന്യത്തിന്റെ സേവനം വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. ഊണും ഉറക്കവും ഇല്ലാതെ നമ്മുക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യരാണവരെന്നും അദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

അന്നു മാധ്യമങ്ങളില്‍ കൂടി നടത്തിയ പ്രതികരണം കടന്ന് പോയി എന്ന് പലരും പറഞ്ഞു. പക്ഷേ അപ്പോഴത്തെ അവസ്ഥയില്‍ എയര്‍ ലിഫ്റ്റിങ് അല്ലാതെ മറ്റ് മാര്‍ഗമില്ല. തന്റെ വാക്കുകള്‍ പ്രാര്‍ത്ഥന പോലെ ലോകം കേട്ടു, സൈന്യം കുതിച്ചെത്തി. ഇവര്‍ നാടിന്റെ കാവല്‍ക്കാരാണെന്നും സജി ചെറിയാന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാധ്യമങ്ങളിൽ കൂടിയുള്ള പ്രതികരണം കടന്ന് പോയി എന്ന് പലരും പറഞ്ഞു.
അപ്പോഴത്തെ അവസ്ഥയിൽ എയർ ലിഫ്റ്റിങ് അല്ലാതെ മറ്റ് മാർഗമില്ല.
വാക്കുകൾ പ്രാർത്ഥന പോലെ ലോകം കേട്ടു….
സൈന്യം കുതിച്ചെത്തി. കൂടുതൽ ഹെലികോപ്റ്ററുകൾ. എയർ ലിഫ്റ്റിങ് സജീവമായി. ഒരുപക്ഷേ ബോട്ടുകൾ എത്താതിരുന്ന പ്രദേശങ്ങളിൽ ഇത്രയും വലിയ ഒരു എയർ ലിഫ്റ്റിങ് ഓപ്പറേഷൻ നടന്നില്ലായിരുന്നു എങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതായെനേം. എയർ ഡ്രോപ്പ് കഴിഞ്ഞു വന്ന ഒരു കോപ്റ്ററിലെ നേവി ഉദ്യോഗസ്ഥനോട് ആഹാരം കഴിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു

“ഇടനാട് ചില പ്രദേശങ്ങളിൽ ആളുകൾ കൈ വീശി കാണിക്കുന്നത് കണ്ടിരുന്നു.പാവങ്ങൾ ആഹാരവും വെള്ളവും ഉണ്ടാകില്ല. അത് കൂടെ കൊടുത്തിട്ടു വരാം.”

വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയില്ല. ഊണും ഉറക്കവും ഇല്ലാതെ നമ്മുക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യർ.

നാടിന്റെ കാവൽക്കാർ ❤

Top