ജി സുധാകരന് മുതിര്‍ന്ന നേതാവെന്ന പരിഗണന പാര്‍ട്ടി എല്ലാക്കാലത്തും നല്‍കുന്നുണ്ട്;സജി ചെറിയാന്‍

ആലപ്പുഴ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. ജി സുധാകരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന് മുതിര്‍ന്ന നേതാവെന്ന പരിഗണന പാര്‍ട്ടി എല്ലാക്കാലത്തും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടെന്ന് അറിയില്ല. ജി സുധാകരന്‍ പറഞ്ഞത് കേട്ടിട്ടില്ല. കേട്ടശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാക് പരിപാടിയിലാണ് ജി സുധാകരന്റെ രൂക്ഷ വിമര്‍ശനം.

എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടെന്ന് അറിയില്ലെന്നും സജി ചെറിയാന്‍കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല.

പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസ്സമില്ല. എംകെ കണ്ണന്‍ കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ സമയവും താന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ പരാതി അന്വേഷിച്ച എളമരം കമ്മീഷന്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവച്ചു. ഇതിന് പിന്നില്‍ ആരൊക്കെയെന്ന് താന്‍ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി സുധാകരന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Top