ഇ.പിയും ചെറിയാനും കമ്യൂണിസ്റ്റുകളാണ്, നാടിന്റെ വികാരമാണ് അവർ പറഞ്ഞത്

ത്തു വിവാദത്തില്‍ സി.പി.എം നേതാക്കളായ ഇ.പി ജയരാജനും മന്ത്രി സജിചെറിയാനും പ്രകടിപ്പിച്ച അഭിപ്രായത്തെ വിവാദമാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ അവര്‍ പറഞ്ഞത് ഈ നാടിന്റെ പൊതുവികാരമാണെന്ന യാഥാര്‍ത്ഥ്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. പ്രസവിച്ച അമ്മയ്ക്കു തന്നെയാണ് കുട്ടിയെ ലഭിക്കേണ്ടത് എന്ന കാര്യത്തില്‍ ഈ നേതാക്കള്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. അതേസമയം തെറ്റ് യുവതിയുടെ ഭാഗത്ത് സംഭവിച്ചാലും അവളുടെ കാമുകന്റെ ഭാഗത്ത് സംഭവിച്ചാലും അത് തുറന്നു പറയുക തന്നെ വേണം. ആ കടമയാണ് ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ഈ കമ്മൂണിസ്റ്റുകള്‍ ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്.

അതിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രചരണം നടത്താന്‍ എത് മാധ്യമങ്ങള്‍ ശ്രമിച്ചാലും അത് വിലപ്പോവുകയില്ല. അത്തരക്കാരാണ് സമൂഹത്തിന്റെ മുന്നില്‍ ഒറ്റപ്പെട്ടുപോവുക. അതും ഓര്‍ത്തു കൊള്ളണം. ഇപ്പാഴത്തെ ദത്ത് വിവാദത്തെ നേരിട്ട് പരാമര്‍ശിച്ചില്ലങ്കിലും മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്.

‘സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക ഒടുവില്‍ ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുന്ന അവസ്ഥയുണ്ടാകുക’ എന്ന കാര്യമാണ് സജി ചെറിയാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ‘ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ലന്നും”. പക്ഷേ ആ അച്ഛന്റെയും അമ്മയുടെയും മനോനില കൂടി മനസ്സിലാക്കണമെന്നു കൂടി മന്ത്രി ഓര്‍മ്മിപ്പിക്കുകയുണ്ടായി.

സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി തിരുവനന്തപുരം കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇത്തരം ഒരു പ്രതികരണം നടത്തിയിരുന്നത്. തനിക്കും മൂന്ന് പെണ്‍കുട്ടികളുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

”പഠിപ്പിച്ച് വളര്‍ത്തി ഒരു സ്ഥാനത്തെത്തിയപ്പോള്‍ മാതാപിതാക്കള്‍ എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടാകും എന്നാല്‍ ഇരട്ടി പ്രായമുള്ള വിവാഹിതനൊപ്പമാണ് അവള്‍ പോയിരിക്കുന്നത്. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നും സജി ചെറിയാന്‍ തുറന്നടിച്ചിട്ടുണ്ട്. ഒരു സാംസ്‌കാരിക വകുപ്പു മന്ത്രി പറയേണ്ട വാക്കുകള്‍ തന്നെയാണിത്. മലയാളിയുടെ സംസ്‌ക്കാരത്തിന് എതിരായ പ്രവര്‍ത്തികള്‍ ഉണ്ടാകുമ്പോള്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതു തന്നെയാണ്. സാംസ്‌കാരിക കേരളവും അത് ഏറെ ആഗ്രഹിക്കുന്നുണ്ട്.

ഇതുപോലെ തന്നെ ഏറെ ശ്രദ്ധയമായ ഒരു പ്രതികരണം നടത്തിയിരിക്കുന്നത് മുന്‍ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ.പി ജയരാജനാണ്. നിയമസഭയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയമാണ് ഇ പി ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ഫെയ്‌സ് ബുക്കിലൂടെ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു..

”പേരൂര്‍ക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു… തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ അവരില്‍ നിന്നും വേര്‍പ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവര്‍ അവിവാഹിതയായിരുന്നു. വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നുമില്ല.യുവതിയുടെ പ്രസവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാം ഉയര്‍ന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വസ്തുനിഷ്ഠമായിട്ടാണ് ഈ വിഷയത്തെ പ്രതിപക്ഷം സമീപിച്ചതെങ്കില്‍ ആ ഭാഗം കൂടി പ്രതിപക്ഷ നേതാവും വിഷയ അവതാരികയും പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നു. എന്നാണ് ഇ.പി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷന്‍ ചാനലില്‍ വന്ന് ആ സ്ത്രീയുടെ ഭര്‍ത്താവാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും ഇ.പി പറയുന്നു. ഭാര്യയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് ഇയാള്‍ യുവതിയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരിക്കുന്നത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം.

പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവകാശമുണ്ട്. പ്രസവിച്ച അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിനെ ലഭിക്കേണ്ടതും അക്കാര്യത്തില്‍ തനിക്കും മറ്റു തര്‍ക്കങ്ങളൊന്നുമില്ലന്നും ഇ.പി ജയരാജന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ യുവതി തന്നില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനമല്ലെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ എന്നതാണ് ഇ.പിയുടെ സംശയം.

ഈ സംഭവത്തെ നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അതാണെന്നാണ് അദ്ദേഹം പറയുന്നത്. സാമൂഹ്യ ചിന്തനത്തിന് വിധേയമാക്കേണ്ട ഇത്തരം വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയം നോക്കി പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇ.പി ജയരാജന്‍ ആരോപിക്കുന്നു. സി.പി.ഐ.എം എന്ന പാര്‍ട്ടിയോട് ആര്‍ക്കും രാഷ്ട്രീയ വിരോധം ഉണ്ടാകാം. എന്നാല്‍ ആ വിരോധം തീര്‍ക്കാന്‍ ഇത്തരത്തിലുള്ള ഏതിനേയും ന്യായീകരിക്കുന്നത് നമ്മുടെ സാമൂഹ്യ പ്രശ്‌നങ്ങളെ മറന്നുകൊണ്ടാകരുത് എന്നാണ് പ്രതിപക്ഷത്തെ ഇ പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളെ നാം കാണുക തന്നെ വേണം.

സഭയില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കോണ്‍ഗ്രസുകാരെയല്ല എന്നതു പ്രത്യേകം ശ്രദ്ധിക്കണമെന്നു പറഞ്ഞ ഇ.പി ”പുരയുള്ളവര്‍ക്ക് തീ ഭയം കാണും’ എന്നാണ് ഈ നിലപാടിനെ പരിഹസിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ലന്ന് വി.ഡി. സതീശനെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.ഇത്തരം നിലപാടുകള്‍ സമൂഹത്തിന്റെ പൊതുസംശുദ്ധിയെ ദുര്‍ബലപ്പെടുത്തുകയില്ലേ എന്നുകൂടി പ്രതിപക്ഷം പരിശോധിക്കണം.

മറ്റൊരാളുടെ ഭാര്യയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോള്‍ അവരെ അനാഥയാക്കി വേറൊരു യുവതിക്കൊപ്പം കഴിയുന്ന ഒരാളെ കുറിച്ച് യാതൊരു പരാമര്‍ശവും വിഷയ അവതാരികയുടെയോ ഇറങ്ങിപ്പോകാന്‍ നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവിന്റെയോ പ്രസംഗത്തില്‍ കണ്ടില്ലന്നതും ഇ.പി ജയരാജന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി പ്രതിപക്ഷത്തിന്റെ ചര്‍ച്ചയില്‍ വരേണ്ടതായിരുന്നു.അതും സംഭവിച്ചിട്ടില്ല. അതേസമയം മറുപടി പറയേണ്ട മന്ത്രി അവര്‍ക്ക് മറുപടി പറയേണ്ട വിഷയങ്ങളെ കുറിച്ച് മാത്രമേ പറയേണ്ടതൊള്ളൂ എന്നതാണ് ഇ.പിയുടെ നിലപാട്. അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കുഞ്ഞിന്റെ അവകാശം അമ്മയ്ക്ക് തന്നെയാണ് എന്ന് പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ ഒരു അമ്മ പ്രസവിച്ച് മൂന്ന് ദിവസത്തിനകം ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം ചിന്തിക്കാന്‍ കഴിയുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്. അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിന്റെ അവകാശം. ഒരു അമ്മയും ഒരിക്കലും കുഞ്ഞിനെ ഉപേക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുത്.അക്കാര്യത്തിലും തര്‍ക്കമില്ല. അതേസമയം നമ്മുടെ സമൂഹത്തില്‍ നിരവധി അഭിമാനങ്ങളും ദുരഭിമാനങ്ങളും ഉണ്ട്.

ഈ കാര്യങ്ങളെല്ലാം എല്ലാവരും പരിശോധനകള്‍ക്ക് വിധേയമാക്കുന്നത് നല്ലതാണെന്നു കൂടി പറഞ്ഞാണ് തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇ പി ജയരാജന്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഇ പി യുടെയും മന്ത്രി സജി ചെറിയാന്റെയും പ്രതികരണം ഒറ്റപ്പെട്ടതല്ല. ഇതിനകം തന്നെ പുറത്തു വന്ന ആയിരക്കണക്കിന് പ്രതികരണങ്ങളില്‍ ചിലതു മാത്രമാണിത്. പെണ്‍കുട്ടികളുളള ഏതൊരു കുടുംബത്തിലെ വ്യക്തിക്കും ഒരിക്കലും പേരൂര്‍ക്കടയിലുള്ള ആ പിതാവിനെ തള്ളിപ്പറയാന്‍ കഴിയുകയില്ല.ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്നു തന്നെ ഇപ്പോള്‍ വ്യക്തവുമാണ്.

EXPRESS KERALA VIEW

Top