ഒരു സംഘടനയും എല്ലാവരെയും അറിയിച്ച് രൂപീകരിക്കാന്‍ സാധിക്കുകയില്ല ;സജിത മഠത്തില്‍

കൊച്ചി : മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ കളകടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി) തുടങ്ങിയപ്പോള്‍ എല്ലാവരെയും ക്ഷണിച്ചില്ലെന്നു പറഞ്ഞ ലക്ഷമിപ്രിയക്കു മറുപടിയുമായി സജിത മഠത്തില്‍ രംഗത്ത്.

ഒരു സംഘടനയും എല്ലാവരെയും അറിയിച്ച് രൂപീകരിക്കാന്‍ സാധിക്കുകയില്ല. പിന്നീട് ചര്‍ച്ച ചെയ്താണ് സംഘടന വലുതാകുന്നതെന്നു സജിത മഠത്തില്‍ പറഞ്ഞു.

അധികം ആരോടും സംഘടന തുടങ്ങുന്ന കാര്യം പറഞ്ഞിട്ടില്ല. വാട്‌സ് ഗ്രൂപ്പിലാണ് സംഘടനയെക്കുറിച്ചുള്ള ആദ്യ ചര്‍ച്ച നടക്കുന്നത്. കേവലം 20 പേര്‍ ചേര്‍ന്നുള്ള വര്‍ക്കിങ്ങ് ഗ്രൂപ്പാണ് ഡബ്ല്യുസിസി സംഘടനാ രൂപീകരണത്തിനുള്ള കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

സംഘടന ആരംഭിച്ചാല്‍ പിന്നീട് ചെയ്യേണ്ടത് അത് രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. അതിനായുള്ള നടപടിക്രമങ്ങള്‍ സെപ്തംബര്‍ അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ. തുടര്‍ന്ന് അംഗത്വ വിതരണം നടക്കും.

അപ്പോള്‍ സിനിമയിലെ എല്ലാ വനിതാ അംഗങ്ങളേയും ഇതിലേക്ക് ക്ഷണിക്കും. ഇത് അവര്‍ക്കുവേണ്ടിയുള്ള സംഘടനയാണ്. ആ സമയത്ത് ലക്ഷമിപ്രിയയെ ക്ഷണിക്കുമെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ രംഗത്തെത്തിയത്.

സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.

സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. 20ഓളം പേര്‍മാത്രമേ സംഘടനയില്‍ ഉള്ളൂവെന്നും അധികം ആളുകളും ഇതിന് പുറത്താണെന്നും ലക്ഷ്മിപ്രിയ ചൂണ്ടിക്കാട്ടി.

ഈ സംഘടനയുടെ ഉദ്ദേശം എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം നടിമാരും. മാധ്യമങ്ങളിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും സംഘടന പറയുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും ലക്ഷ്മി പ്രിയ അറിയിച്ചു.

വുമണ്‍ സിനിമ കളക്ടീവിന്റെ പല നിലപാടുകളോടും വ്യക്തിപരമായ യോജിപ്പ് തനിക്കുണ്ട്. മലയാള സിനിമയില്‍ സിറ്റിംഗ് ജഡ്ജിന്റെ കീഴില്‍ ഒരു സ്ത്രീ പീഡനവിരുദ്ധ സെല്‍ വേണമെന്ന അഭിപ്രായത്തോട് യാതൊരുവിധത്തിലും ചോദിക്കില്ലെന്നും ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടിരുന്നു.

Top