Sakir Hussain; cpm-court

എറണാകുളം: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ റിമാന്‍ഡ് കാലാവധി നീട്ടി.

റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കയെയാണ് 14 ദിവസം കൂടി നീട്ടിയത്. കുന്നുപുറം മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയത്.

വ്യവസായിയായ ജൂബ് പൊലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കളമശേരി മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു.

ഇതിന് ശേഷമാണ് കഴിഞ്ഞ മാസം 16 തിയതി സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്. ശേഷം കോടതിയില്‍ ഹാജരാക്കിയ സക്കീറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. മൂന്ന് കേസുകളാണ് നിലവില്‍ ഇയാള്‍ക്കെതിരെ ഉള്ളത്.

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തെ നേരത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

Top