sakkir-hussain-bail court

കൊച്ചി : വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും ഒളിവില്‍ കഴിയുന്ന സി.പി.എം ഏരിയാ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തു.

സക്കീറിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വിടണമെന്നും സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേതാക്കള്‍ക്ക് ഗുണ്ടാബന്ധം ഉണ്ടാവുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഗുണ്ടാബന്ധം ഉണ്ടാവുമ്പോാഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്ന് അകലുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സക്കീറിനെതിരെ പരാതി കിട്ടിയപ്പോള്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ഗുണ്ടാബന്ധം എന്തിനാണെന്നും സര്‍ക്കാര്‍ ചോദിച്ചു.

അതേസമയം, താന്‍ ആരെയും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് സക്കീറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. രണ്ട് വ്യവസായികള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും സക്കീര്‍ വ്യക്തമാക്കി. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി.

വെണ്ണല സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണ് സക്കീറിനെതിരായ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കഴിഞ്ഞ 26നാണ് സക്കീര്‍ ഹുസൈനെതിരെ കേസെടുത്തത്.

Top