‘പി.ടി. ഉഷയും മേരികോമും ഗുസ്തി താരങ്ങളുടെ സമരത്തില്‍ നിശ്ശബ്ദത പാലിച്ചു’; സാക്ഷി മാലിക്

തിരുവനന്തപുരം: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയും ബോക്‌സിങ് മുന്‍ വനിതാ ലോകചാംപ്യന്‍ മേരികോമും വനിത ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ചില്ലെന്ന് സാക്ഷി മാലിക്. ബ്രിജ് ഭൂഷണില്‍ നിന്ന് തങ്ങള്‍ നേരിട്ട എല്ലാ ദുരനുഭവങ്ങളും അവരോട് പറഞ്ഞിട്ടും പിന്തുണയുണ്ടായില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു.

‘പി.ടി. ഉഷ മാഡം ഞങ്ങളുടെ പ്രതിഷേധ സ്ഥലത്ത് വന്നിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദമായിത്തന്നെ അവരോട് സംസാരിച്ചു. അവര്‍ക്ക് ഞങ്ങളെ പിന്തുണക്കാമായിരുന്നു. എന്നാല്‍, പിന്തുണക്കുമെന്ന് വാഗ്ദാനം നല്‍കിയതല്ലാതെ അവര്‍ ഒന്നും ചെയ്തില്ല. വിഷയത്തില്‍ നിശ്ശബ്ദത പാലിക്കുക മാത്രമാണ് ചെയ്തത്.’

‘ഗുസ്തി താരങ്ങളുടെ പരാതിയെ തുടര്‍ന്നുള്ള മേല്‍നോട്ട സമിതിയിലെ അംഗമായിരുന്നു മേരികോം. പരാതിക്കാര്‍ അവരുടെ ദുരനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ മേരികോം വൈകാരികമായി പ്രതികരിച്ചിരുന്നു. ഞങ്ങളോടൊപ്പമുണ്ടാകുമെന്നും പറഞ്ഞു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ അനുകൂലമായ ഒരു തീരുമാനവുമുണ്ടായില്ല. ഞങ്ങളെ കായിക മേഖലയില്‍ പ്രചോദിപ്പിച്ച മേരികോമിന്റെ നിശ്ശബ്ദത ഏറെ നിരാശയുണ്ടാക്കി’ -സാക്ഷി മാലിക് പറഞ്ഞു.

ലൈംഗികാതിക്രമം നേരിടേണ്ടിവന്ന കായികതാരങ്ങള്‍ക്കുവേണ്ടി പോരാടിയതില്‍ അഭിമാനമുണ്ട്. സമൂഹത്തില്‍ സ്ഥാനമുള്ള, ശബ്ദമുള്ള തന്നെപ്പോലെയുള്ളവര്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ നിസ്സഹായരായ ആ പെണ്‍കുട്ടികള്‍ക്ക് എങ്ങനെ പ്രതികരിക്കാനാവും? ആര് അവര്‍ക്കു വേണ്ടി സംസാരിക്കുമെന്നും സാക്ഷി മാലിക് ചോദിച്ചു.

Top