ലണ്ടന്‍: കാണാതായ അര്‍ജന്റീനന്‍ ഫുട്ബോള്‍ താരത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി മെസ്സിയും രംഗത്ത്. വിമാന യാത്രക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. ലഭിച്ച എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.
ഇപ്പോള്‍ സലയ്ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ ആവശ്യം ശക്തമായിരിക്കുകയാണ്. മെസ്സിയെ കൂടാതെ സെര്‍ജ്യോ അഗ്യൂറോയും മറ്റ് താരങ്ങളും തെരച്ചില്‍ പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയോടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. സലയും ഒപ്പമുണ്ടായിരുന്ന പൈലറ്റും കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമെങ്കിലും അതു സ്ഥിരീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. അതിനിടെ കാണാതായ ചെറുവിമാനത്തിന് ലൈസന്‍സ് ഉണ്ടായിരുന്നോ എന്ന കാര്യവും വ്യക്തമല്ല.