സാലറി ചലഞ്ചില്‍ പുതിയ നീക്കം ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാംഗഡു പണമായി നല്‍കും

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസവഴിയൊരുക്കി ധനവകുപ്പ്. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാംഗഡു പണമായി നല്‍കും. കൈയ്യില്‍ കിട്ടുന്ന ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ഒന്നാം തിയതി ലഭിക്കും. ദുരിതാശ്വാസത്തിന് നല്‍കുന്നതിന്‍രെ ഒരു വിഹിതം കൈയ്യിലെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 1,538 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ആദ്യ മൂന്നുഗഡു പിഎഫില്‍ ലയിപ്പിച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിന് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവിനെതിരേ പ്രതിപക്ഷസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഉത്തരവ് അംഗീകരിക്കില്ലെന്നറിയിച്ച പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.

സമ്മതപത്രത്തിന് പകരം ശമ്പളം നല്‍കില്ലെന്ന വിസമ്മത പ്രസ്താവനയാണ് ഉയര്‍ന്ന ശമ്പളക്കാരല്ലാത്ത ജീവനക്കാരുടെ മുന്നിലുള്ള കടമ്പ. വിസമ്മതം അറിയിച്ചാലുള്ള രാഷ്ട്രീയഭീഷണിയെയും സമ്മര്‍ദത്തെയും ആശങ്കയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞിരുന്നു.

എന്നാല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാത്ത വിധം വിഹിതം നല്‍കാനുള്ള ഒട്ടേറെ ‘ഓപ്ഷനുകള്‍’ ഉണ്ടെന്നാണ് ഭരണപക്ഷ അധ്യാപക സര്‍വീസ് സംഘടനകളുടെ നിലപാട്. ശമ്പളം നല്‍കാത്തവര്‍ക്ക് ചമ്മലുണ്ടാകും. അതിന്റെപേരില്‍ പ്രതിഷേധവും സമരവുമൊക്കെ വേണോ എന്ന് ധനമന്ത്രി തോമസ് ഐസക് ചോദിച്ചിരുന്നു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തോട് സാലറി ചലഞ്ചിലൂടെ സഹകരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ സ്വീകരിക്കുന്നതായി പ്രതിപക്ഷസംഘനടകള്‍ അറിയിച്ചിരുന്നു. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. കൂടുതല്‍ തുക നല്‍കാന്‍ താത്പര്യമുള്ളവരില്‍നിന്ന് അത് വാങ്ങുക, പത്തുതവണ എന്നത് 20 ആക്കുക, സമ്മതപത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധനമന്ത്രി വിളിച്ചുചേര്‍ത്ത സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ചത്.

Top