തിരുവനന്തപുരം:ശമ്പള പ്രതിസന്ധിയെ തുടര്‍ന്നുള്ള കെഎസ്ആര്‍ടിസിയിലെ സമരം ഒഴിവാക്കാന്‍ പരമാവധി ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നല്‍കും. ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഈ മാസം 26 നാണ് കെഎസ്ആര്‍ടിസി യൂണിയനുകള്‍ സംയുക്ത സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി), സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു) സംഘടനകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നല്‍കും. കഴിഞ്ഞമാസം വരെയുള്ള ശമ്പളം നല്‍കി. ധനവകുപ്പ് 30 കോടി രൂപയാണ് ഈ മാസത്തേക്ക് അനുവദിച്ചിരിക്കുന്നത്. അത് മതിയാവാത്തതിനാല്‍ 70 കോടി രൂപ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് ആന്റണി രാജു വ്യക്തമാക്കി.
എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് സ്ഥലം മാറ്റം അടിയന്തരമായി അനുവദിക്കുക, നിയമവിരുദ്ധമായി തൊഴിലാളികളില്‍ നിന്നും പിഴയീടാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.