തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണം പൂർത്തിയായി. 25,268 ജീവനക്കാർക്ക് ജൂലൈ മാസത്തിൽ നൽകാൻ ബാക്കി ഉണ്ടായിരുന്ന 25 ശതമാനവും, ഓഗസ്റ്റ് മാസത്തെ മുഴുവൻ ശമ്പളവുമാണ് നൽകിയത്. ഓണത്തിന് മുൻപായി ശമ്പള കുടിശിക തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ശമ്പള കുടിശിക തീർക്കുന്നതിന് കെ.എസ്.ആർ.ടി.സിയ്ക്ക് 100 കോടി സർക്കാർ അനുവദിച്ചിരുന്നു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നൽകിയത്. പരമാവധി ഇന്നുതന്നെ ജീവനക്കാർക്ക് പണം ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധനവകുപ്പിന് നിർദേശം നൽകിയിരുന്നു.