തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. മാനേജ്‌മെന്റ് വിചാരിച്ചാല്‍ മാത്രം ശമ്പളം കൊടുക്കാനാവില്ലെന്നും, അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ഇന്നും ചര്‍ച്ച നടത്തി. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തു നല്‍കി. ഹൈദരാബാദിലുള്ള ധനമന്ത്രി ഇന്ന് തിരികെയെത്തിയാലുടന്‍ ഇക്കാര്യത്തില്‍ താന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
അഡീഷണല്‍ തുക അനുവദിക്കുന്നത് കടമാണോ ധനസഹായമാണോ വേണ്ടതെന്ന് ധനവകുപ്പ് തീരുമാനിക്കും. ശാശ്വത പരിഹാരത്തിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.