‘ആദ്യം ശമ്പളം പിന്നെ പരിഷ്കരണം’; കെഎസ്ആര്‍ടിസി സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞ് സിഐടിയു

കെഎസ്ആര്‍ടിസിയിൽ പ്രശ്നങ്ങൾ രൂക്ഷം. ഇന്നലെ ട്രേഡ് യൂണിയനും കെഎസ്ആ‌ടിസി എംഡിയും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ യൂണിയനുകൾ പ്രത്യക്ഷ സമരത്തിലേക്ക്. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ശക്തമായ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ്. കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ പരസ്യ പ്രതിഷേധവുമായി സർക്കാർ സംഘടനയായ സിഐടിയു രംഗത്തെത്തിയത് ഗവൺമെന്റിന് തിരിച്ചടിയായിരിക്കുകയാണ്.

 

കെ സ്വിഫ്റ്റ് ബസ് തടഞ്ഞാണ് സിഐടിയു പ്രതിഷേധം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ഭരണാനുകൂല സംഘടനയായ സിഐടിയുവിന്‍റെ നേതൃത്വത്തിൽ ബസ് തടയുന്നത്. ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെഎസ്ആ‌ടിസി എംഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകൾ കലാപക്കൊടി ഉയർത്തിയത്. ആദ്യം ശമ്പളം പിന്നെ പരിഷ്ക്കരണം എന്നതാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളാണ് സിഐടിയു തടയുക. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി തര്‍ക്കങ്ങളില്‍ ഭരണാനുകൂല സംഘടന തന്നെ മുന്നിട്ടിറങ്ങിയത് സര്‍ക്കാറിനും ക്ഷീണമായി.

Top