സെക്രട്ടേറിയേറ്റിലെ പഞ്ചിംഗ് സംവിധാനം: കൃത്യസമയത്ത് ജോലിക്കെത്തിയത് 3050 പേര്‍

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സെക്രട്ടേറിയേറ്റില്‍ പുതിയ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ കൃത്യസമയത്ത് ജോലിക്കെത്തിയത് 3050 പേര്‍. രാവിലെ 10.15നകം ഇത്രയും പേര്‍ പഞ്ച് ചെയ്ത് ജോലിയില്‍ പ്രവേശിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ആകെയുള്ള 4,497 ജീവനക്കാരില്‍ 946 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 501 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 28ന് കൃത്യ സമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേര്‍ വൈകിയാണ് അന്ന് പഞ്ച് ചെയ്തത്.

ജീവനക്കാര്‍ കൃത്യസമയത്തെത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് സെക്രട്ടേറിയറ്റില്‍ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്റ്റ്‌വെയറുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്തു.

ഇതോടെ വൈകിവന്നാല്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നഷ്ടമാകുമെന്ന അവസ്ഥയുണ്ടായി. പഞ്ചിംഗില്‍നിന്ന് മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പഞ്ചിംഗ് ബാധകമാണ്.

Top