പ്രതിവര്‍ഷം ഏഴ് കോടി രൂപ വരെ ശമ്പളം! എ ഐയുടെ കടന്നുവരവ് തങ്ങളുടെ ജോലിയിലെ സംതൃപ്തി വര്‍ദ്ധിപ്പിച്ചു

ഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നിര്‍മ്മിത ബുദ്ധി കൈകടത്താത്ത മേഖലകള്‍ ഇന്ന് അപൂര്‍വ്വമാണ്. മനുഷ്യരുടെ ജോലിക്ക് ബദലായി വളര്‍ന്നു കൊണ്ടിരിക്കുന്ന എ ഐയെ കുറിച്ച് അഭിപ്രായം പങ്കുവച്ച് ഗൂഗിള്‍ എക്‌സിക്യൂട്ടീവ് രംഗത്ത്. ജനറേറ്റീവ് എ ഐ ടൂളുകള്‍ ജീവനക്കാരുടെ ജോലി സംതൃപ്തി വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരാകാന്‍ അവരെ സഹായിക്കുമെന്നും ഗൂഗിള്‍ ക്ലൗഡിന്റെ ഗ്ലോബല്‍ എ ഐ ബിസിനസിന്റെ വൈസ് പ്രസിഡന്റ് ഫിലിപ്പ് മോയര്‍ പറയുന്നു. ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് പറയുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, 80 മുതല്‍ 90 ശതമാനം ആളുകള്‍ക്കും എ ഐയുടെ കടന്നുവരവ് തങ്ങളുടെ ജോലിയിലെ സംതൃപ്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചതായി കരുതുന്നുവെന്നും മോയര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ മാസം, ക്രെഡ് സി ഇ ഒ കുനാല്‍ ഷാ, സി എന്‍ ബി സി – ടിവി 18 നുമായുള്ള സംഭാഷണത്തില്‍ ആളുകള്‍ ‘എ ഐയുടെ അപകടസാധ്യത തിരിച്ചറിയുന്നില്ല’ എന്നും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 90 ശതമാനം ആളുകള്‍ക്കും ജോലി നഷ്ടപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞിരുന്നു.

എ ഐ സാങ്കേതികവിദ്യ വിദഗ്ധര്‍ക്ക് വന്‍ ഡിമാന്‍ഡെന്ന റിപ്പോര്‍ട്ട് നേരത്തെ ചര്‍ച്ചയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റ്ഫ്‌ലിക്‌സും ആമസോണും പോലെയുള്ള ഒ ടി ടി പ്ലാറ്റ്‌ഫോമുകളാണ് നിലവില്‍ എ ഐ വിദഗ്ധരെ തേടുന്നത്. പ്രതിവര്‍ഷം ഏഴ് കോടി രൂപ വരെയാണ് ഇവര്‍ ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. എ ഐയുടെ കടന്നുവരവ് പലരുടെയും തൊഴില്‍ നഷ്ടത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് നല്ല ശമ്പളമുള്ള സ്ഥാനങ്ങളിലേക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 900,000 ഡോളര്‍ വരെ സമ്പാദിക്കാനാകും. അതായത് പ്രതിവര്‍ഷം ഏകദേശം ഏഴ് കോടി രൂപ വരെ സമ്പാദിക്കാം. നിലവില്‍ എ ഐ അടിസ്ഥാനമാക്കിയുള്ള ജോലികള്‍ യു എസില്‍ ലഭ്യമാണ്.

നിലവില്‍ വിവിധ മേഖലകളില്‍ എ ഐ നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഇതാണ് ഈ മേഖലയിലെ വിദഗ്ധര്‍ക്ക് ഇത്രയും ഡിമാന്‍ഡ് കൂട്ടുന്നത്. വാള്‍മാര്‍ട്ട് എ ഐ വിദഗ്ധര്‍ക്ക് പ്രതിവര്‍ഷം $288,000 വരെയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. എ ഐയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളില്‍ വിദഗ്ദ്ധനായ അഭിഭാഷകന് പ്രതിവര്‍ഷം $351,000 വരെ നല്‍കാന്‍ ഗൂഗിളും തയ്യാറാണ്.

Top