മേഘാലയയിൽ സലേങ് സാങ്മ കോൺഗ്രസിൽ തിരിച്ചെത്തി

ഷില്ലോങ്: മേഘാലയയിൽ നിന്നും കോൺഗ്രസിന് സന്തോഷ വാർത്ത. 10 വർഷം മുന്നെ പാർട്ടി വിട്ട് പിന്നീട് എൻ സി പിയുടെ സംസ്ഥാന അധ്യക്ഷനായി മാറിയ പ്രമുഖ നേതാവും എം എൽ എയുമായ സലേങ് സാങ്മ വീണ്ടും കോൺഗ്രസ് പാളയത്തിലെത്തി. എൻ സി പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഇന്ന് രാജിവച്ച് പാർട്ടി വിട്ട ശേഷമാണ് സലേങ് സാങ്മ കോൺഗ്രസിൽ ചേർന്നത്. ബി ജെ പിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടാണ് സലേങ് സാങ്മ കോൺഗ്രസിൽ ചേർന്നത്. ബി ജെ പി ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്നാണ് സലേങ് സാങ്മ പറഞ്ഞത്. സർക്കാരിന് വോട്ട് ചെയ്തവർ അഴിമതിയുടെ കെടുതി അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുകുള്‍ സാങ്മയുമായുള്ള ത‍ർക്കത്തെ തുടര്‍ന്ന് പത്ത് വർഷം മുന്‍പാണ് സലേങ് കോണ്‍ഗ്രസ് വിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷമുള്ള സലേങ് സാങ്മയുടെ വരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ഫെബ്രുവരി 27 ന് നാഗാലാൻഡിനൊപ്പമാണ് മേഘാലയയിലും തെരഞ്ഞെടുപ്പ് നടക്കുക. നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബി ജെ പിയും ചേർന്ന സഖ്യമായ എം ഡി എ ആണ് മേഘാലയ ഭരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ 17 സീറ്റ് നേടിയിരുന്നു. എന്നാൽ കോൺഗ്രസിനെ ഞെട്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ വർഷം 17 ല്‍ 12 എം എൽ എമാരെയും ഒപ്പമെത്തിച്ച് മുഖ്യ പ്രതിപക്ഷമായിരുന്നു. എന്നാല്‍ ഇതില്‍ എട്ട് എം എല്‍ എമാർ മാത്രമേ ഇപ്പോ ഒപ്പമുള്ളുവെന്നതാണ് ടി എം സി നേരിടുന്ന പ്രതിസന്ധി. കോൺഗ്രസാകട്ടെ പിണങ്ങി പോയവരെയും അല്ലാത്തവരെയുമെല്ലാം ഒപ്പം കൂട്ടി അധികാരത്തിൽ തിരിച്ചെത്താനുള്ള ശക്തമായ നീക്കത്തിലാണ്. ബി ജെ പി സഖ്യ സർക്കാരിനെ വീഴ്ത്താനായാൽ അത് ദേശീയ തലത്തിൽ മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രചാരണം ചൂട് പിടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗോദ സജീവമാകും.

Top