ഉറുസിന്റെ ഇന്ത്യയിലെ വിൽപന 100 യൂണിറ്റ് കടന്നെന്ന് ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗിനി. ഷോറൂമിൽ 3.15 കോടിയോളം രൂപ വിലമതിക്കുന്ന ‘ഉറുസി’ന്റെ ഇന്ത്യൻ അരങ്ങേറ്റം 2018 ജനുവരിയിലായിരുന്നു. തുടർന്നുള്ള മൂന്നു വർഷത്തിനിടെയാണ് ‘ഉറുസ്’ ഇന്ത്യയിൽ സെഞ്ചുറി പൂർത്തിയാക്കിയത്.
‘ഉറുസി’നു തകർപ്പൻ വരവേൽപ്പാണ് ഇന്ത്യയിൽ ലഭിച്ചതെന്നാണു ലംബോർഗിനിയുടെ വിലയിരുത്തൽ. 2.2 ടണ്ണോളം ഭാരമുണ്ടെങ്കിലും നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഉറുസി’ന് വെറും 3.6 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം. അത്യാംഡബര കാർ വിപണിയിൽ സ്വന്തം ഇടം ഉറപ്പിക്കാൻ ‘ഉറുസി’നു സാധിച്ചതായി ലംബോർഗിനി ഇന്ത്യ മേധാവി ശരദ് അഗർവാൾ വിലയിരുത്തുന്നു.
2019ൽ 4962 യൂണിറ്റ് വിൽപ്പനയോടെ ലംബോർഗിനിയുടെ ശ്രേണിയിലെ തന്ത്രപ്രധാന മോഡലായി ‘ഉറുസ്’ മാറി. കഴിഞ്ഞ ജൂലൈയിൽ ‘ഉറുസ്’ നിർമാണം 10,000 യൂണിറ്റ് തികഞ്ഞിരുന്നു. അരങ്ങേറ്റം കുറിച്ച് വെറും രണ്ടു വർഷത്തിനുള്ളിലായിരുന്നു ഈ ഉജ്വല നേട്ടം.