നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകാത്തതിന് കാരണം ‘പൊളിറ്റിക്കല്‍ കറക്ടനസ്’ എന്ന് നടന്‍ സലീം കുമാര്‍

കൊച്ചി: പൊളിറ്റിക്കല്‍ കറക്ടനസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നടന്‍ സലീം കുമാര്‍. മനോരമയില്‍ പ്രസിദ്ധീകരിച്ച തന്റെ തന്നെ വാചകങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്‍ പങ്കുവച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ കറക്ടനസ്സിനടിയില്‍പ്പെട്ട എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ സംവിധായകര്‍ കണ്‍ഫ്യൂഷനിലാണ് എന്ന് ദേശീയ അവാര്‍ഡ് ജേതാവായ സലീം കുമാര്‍ പറയുന്നു.

സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറെക്കാലമായി. പണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിന് ചിരിയില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍. ജാതിവിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, രാഷ്ട്രീയവിമര്‍ശനം പാടില്ല. പിന്നെങ്ങനെ ചിരിയുണ്ടാകും – സലീം കുമാര്‍ ചോദിക്കുന്നു.

അതേ സമയം സിനിമ ഗ്രൂപ്പുകളില്‍ സലീം കുമാറിന്റെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്നത്തെക്കാലത്തെ കോമഡികള്‍ ആസ്വദിക്കാന്‍ കഴിയാത്തതാണ് സലീം കുമാറിന്റെ പ്രശ്നം എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇന്നത്തെ സിനിമയെക്കാള്‍ ഇന്നത്തെ ജനറേഷനെ പിടിച്ചിരുത്തുന്ന കോമഡികള്‍ യൂട്യൂബ് സീരിസുകളിലും മറ്റും വരുന്നത് നടന്‍ കാണുന്നില്ലെ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

ജാതി, മതം, രാഷ്ട്രീയം എന്നീ വിമര്‍ശനങ്ങള്‍ വേണ്ട എന്നതല്ല പൊളിറ്റിക്കല്‍ കറക്ടനസ് എന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. അടുത്തകാലത്ത് വിജയകരമായ രോമാഞ്ചം അടക്കമുള്ള ചിരിപ്പടങ്ങളുടെ പട്ടികയും ചിലര്‍ നിരത്തുന്നു. അതേ സമയം പഴയകാലത്തെപോലെ എവര്‍ഗ്രീന്‍ കോമഡി ചിത്രങ്ങള്‍ വരുന്നില്ല എന്നത് സത്യമാണെന്നാണ് സലീംകുമാറിന്റെ അഭിപ്രായത്തെ അംഗീകരിക്കുന്ന ഒരു വിഭാഗം വാദിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലീംകുമാര്‍. എക്കാലത്തും മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ളവയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നുള്ളതാണ് സത്യം. ഹാസ്യതാരം എന്ന ലേബലുണ്ടെങ്കിലും എക്കാലത്തേയും മികച്ച കഥാപാത്രങ്ങളേയും സലീം കുമാര്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. നായകനായി മാത്രമല്ല നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ നട്ടെല്ലാണ് സലീംകുമാര്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ സലീംകുമാര്‍.

Top