ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ സിനിമാ- സാംസ്‌കാരിക മേഖലകളില്‍ നിന്നും രാഷ്ട്രീയനേതാക്കളില്‍ നിന്നും വിമര്‍ശനങ്ങളും ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ ശബ്ദവും ഉയരുകയാണ്.
ജീവിതത്തിലെ ഏതാണ്ട് ഭൂരിഭാഗം ആവിശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്നും നടന്‍ സലിം കുമാര്‍ പറഞ്ഞു.
ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ നിങ്ങള്‍ക്കിത് സംഭവിക്കുമ്പോള്‍ ആരും കാണില്ലെന്ന പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വാക്കുകള്‍ കുറിച്ചുകൊണ്ടാണ് സലിം കുമാര്‍ പ്രതികരിച്ചത്.
സലിം കുമാറിന്റെ കുറിപ്പ്
‘അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു,ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നുഅപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല,കാരണം ഞാനൊരു തൊഴിലാളി അല്ല. പിന്നീടവര്‍ ജൂതന്‍മാരെ തേടി വന്നു. അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.’- ഇത് പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങള്‍ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്ഥിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.
ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവിശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേര്‍ത്ത് നിര്‍ത്താം, അവര്‍ക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക,’ സലിം കുമാര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.