ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സല്‍മാന്‍ ഖാന് ശിക്ഷ കുറച്ചത്.
കേസിലെ കൂട്ടു പ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം അടക്കമുളള 6 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടു.കേസിലെ മറ്റു പ്രതികള്‍ സഹയാത്രക്കാര്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് ഇവര്‍ക്കതിരെ ചുമത്തിയത് കുറ്റം ചെയ്യുന്നതിനു വേണ്ടി സംഘടിതമായി ഒത്തു ചേര്‍ന്നുവെന്നാണ്. ഇതിനു തെളിവില്ലെന്ന് കണ്ട കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.
റേസ് 3 യുടെ ഷൂട്ടിങ്ങിനായി അബുദാബിയില്‍ ആയിരുന്ന സല്‍മാന്‍ ഖാന്‍ വിധി പ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയിലെത്തിയിരുന്നു. സല്‍മാന്‍ ഖാനൊപ്പം മറ്റു താരങ്ങളും ജോധ്പൂര്‍ കോടതിയില്‍ എത്തിയിരുന്നു.വന്യജീവി സംരക്ഷണ നിയമപ്രകാരം 6 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് സല്‍മാന്‍ ഖാനെതിരെ ചുമത്തിയത്. ശിക്ഷ 3 വര്‍ഷത്തില്‍ കുറവായതിനാല്‍ സല്‍മാന്‍ ഖാന് ഇന്നു തന്നെ ജാമ്യം ലഭിക്കും.
1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന സംഭവത്തില്‍ താരം ശിക്ഷക്കപ്പെടുന്നത് 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ്. കഴിഞ്ഞ സെപ്തംബര്‍ 13-നാണ് കേസില്‍ വാദം തുടങ്ങിയത്. നേരത്തെ, ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ഇപ്പോള്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലാണ് താരത്തിനു കോടതി ശിക്ഷ വിധിച്ചത്. ഹംസാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്നത്.