salman khan – couet – forest department

salman-khan

ജോധ്പൂര്‍: 1998ല്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍ വാദിച്ചു. കേസില്‍, തന്നെ വനം വകുപ്പ് കുടുക്കിയതാണെന്നും സല്‍മാന്‍ കോടതിയെ അറിയിച്ചു. 1998ല്‍ ഹിന്ദി ചിത്രമായ ‘ഹം സാഥ് സാഥ് ഹെ’ യുടെ ചിത്രീകരണത്തിനിടെ ജോധ്പൂരിന് സമീപമുള്ള കങ്കാണി ഗ്രമത്തില്‍ വച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാനും കൂട്ടരും വേട്ടയാടിയെന്നാണ് കേസ്.

കൃഷ്ണ മൃഗത്തെ വേട്ടയാടാന്‍ കൊണ്ടുവന്ന ആയുധം സല്‍മാന്റെ നിര്‍ദ്ദേശ പ്രകാരം മുംബയില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് കേസിലെ സാക്ഷിയായ ഉദയ് രാഘവന്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയില്‍ സല്‍മാനും ഒപ്പുവച്ചിരുന്നു. എന്നാല്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താന്‍ മൊഴിയില്‍ ഒപ്പുവച്ചതെന്ന് സല്‍മാന്‍ പറഞ്ഞു. കേസ് ഏപ്രില്‍ നാലിലേക്ക് മാറ്റി.

തന്റെ ഭാഗം തെളിയിക്കാനായി സല്‍മാന്‍ ഖാന് കോടതി ഒരവസരം നല്‍കിയിരക്കുകയാണെന്ന് അഡിഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ദിനേശ് തിവാരി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. തെളിവുകള്‍ ഹാജരാക്കാനായില്ലെങ്കില്‍ കേസില്‍ അന്തിമവാദം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സമാനമായ രണ്ടു കേസുകളിലായി സല്‍മാന്‍ ഖാന് ആറു വര്‍ഷം തടവ് വിധിച്ചിരുന്നു. ഈ വിധിക്കെതിരേ സല്‍മാന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അപൂര്‍വ ജനുസിലുള്‍പ്പെട്ട കൃഷ്ണമൃഗത്തെ വേട്ടയാടുന്നത് ശിക്ഷാര്‍ഹമാണ്.

Top