നടുറോഡില്‍ പരിഭ്രാന്തി പരത്തി സല്‍മാന്‍ ഖാന്റെ മുന്‍ അംഗരക്ഷകന്‍

മൊറാദാബാദ്(ഉത്തര്‍പ്രദേശ്): പൊതുജനമധ്യത്തില്‍ അക്രമാസ്‌കതനായി പരിഭ്രാന്തി സൃഷ്ടിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുന്‍ അംഗരക്ഷകന്‍. സല്‍മാന്‍ ഖാന്റെ മുന്‍ ബോര്‍ഡിഗാര്‍ഡായിരുന്ന അനസ് ഖുറേഷിയാണ് കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലി, വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി പരത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച മൊറാദാബാദിലാണ് സംഭവം.

അനസ് ഖുറേഷിയെ ആളുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസെത്തി ഏറെ നേരം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മീന്‍ പിടിക്കുന്ന വലിയ വലയും കയറും ഉപയോഗിച്ചാണ് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

സ്റ്റിറോയിഡിന്റെ അമിത ഉപയോഗമാണ് ഇയാളുടെ മാനസിക നില തെറ്റാനും ആക്രമാസക്തനാകാനും കാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ സല്‍മാന്‍ ഖാന്റെ അംഗരക്ഷകരില്‍ ഒരാളായിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയിലെ മന്ത്രിയുടെ സ്വകാര്യ അംഗരക്ഷകനാണ്. പത്ത് ദിവസം മുമ്പാണ് ബോഡി ബില്‍ഡറായ അനസ് ഖുറേഷി സ്വദേശമായ മൊറാദാബാദിലെത്തിയത്.

Top