‘ഹിന്ദു തീവ്രവാദം’ ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയ്ക്ക് പ്രതിരോധവുമായി സല്‍മാന്‍ ഖുര്‍ഷിദ്

salman-khurshid-new

മുംബൈ: കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ ഹിന്ദു തീവ്രവാദ പ്രസ്താവനയ്ക്ക് പ്രതിരോധം തീര്‍ത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു പ്രത്യേക സമുദായത്തിനോ സംഘടനയ്‌ക്കോ എതിരായി നടത്തിയ പ്രസ്താവനയല്ല അതെന്ന് ഖുര്‍ഷിദ് പറഞ്ഞു. വളരെ ശക്തമായ അഭിപ്രായങ്ങള്‍ ഉള്ള വ്യക്തിയാണ് സിങ്. അദ്ദേഹം ന്യൂനപക്ഷ തീവ്രവാദത്തെയും എല്ലാത്തരം തീവ്രവാദങ്ങളെയുമാണ് എതിര്‍ത്തത്. അല്ലാതെ ഒരു പ്രത്യേക സംഘടനയെയോ, സമുദായത്തെയോ അല്ല എന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവ്രവാദ ബന്ധമുള്ളവരാണെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. ആര്‍.എസ്.എസിന്റെ പ്രത്യയ ശാസ്ത്രം വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. വെറുപ്പിനെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ തീവ്രവാദത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സേ ആര്‍.എസ്.എസുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു തീവ്രവാദമല്ല ‘സംഘ് തീവ്രവാദ’മാണ് ഇവിടെയുള്ളത്. ‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മതത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാവില്ലെന്നും ദിഗ്‌വിജയ് സിങ്ങ് വ്യക്തമാക്കിയിരുന്നു. നേരത്തെ വലതുപക്ഷ തീവ്രവാദത്തിനെ വിമര്‍ശിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു.

Top