കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ രാജി ;അനാവശ്യ ഊഹാപോഹം ഒഴിവാക്കണമെന്ന് സല്‍മാന്‍ ഖുര്‍ശിദ്

salman

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ രാജി സംബന്ധിച്ച് അനാവശ്യ ഊഹാപോഹം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സല്‍മാന്‍ ഖുര്‍ശിദ്.

കോണ്‍ഗ്രസ് പ്ലീനറിക്ക് ശേഷം ചില സംസ്ഥാന അധ്യക്ഷന്‍മാര്‍ രാജി വെച്ചതു സംബന്ധിച്ച് വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയതോടെയാണ് വിശദീകരണവുമായി മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഒരു തെളിവുമില്ലാതെ തീരുമാനങ്ങളിലെത്തുന്നത് ശരിയല്ല. വിഷയത്തിലേക്ക് നുഴഞ്ഞു കയറാതെ അവര്‍ വിശദീകരണം നല്‍കും വരെ കാത്തിരിക്കണം. യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കി പാര്‍ട്ടിക്ക് പുതു ജീവന്‍ നല്‍കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതെന്നും സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു.

ഇതിനിടെ, യു.പി കോണ്‍ഗ്രസ് നേതൃസ്ഥാനത്തു നിന്ന് രാജ് ബബ്ബാര്‍ ഇന്ന് രാജിവെച്ചു. യു.പിയിലെ ഗോരഖ്പുരിലും ഫൂല്‍പുരിലും നടന്ന ലോക് സഭ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച തുകപോലും നഷ്ടപ്പെട്ട ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. നേരത്തെ, ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ശന്താറാം നയിക്കും രാജിവെച്ചിരുന്നു.

Top