സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ പുതിയ പതിപ്പുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍. ജനുവരിയില്‍ നടക്കാനിരിക്കുന്ന 2018 ടോക്കിയോ ഓട്ടോ സലോണിന് മുന്നോടിയായി സ്വിഫ്റ്റ് സ്‌പോര്‍ട് സലോണ്‍ പതിപ്പിനെ സുസൂക്കി അവതരിപ്പിച്ചു.
പുറം മോഡിക്ക് ലഭിച്ച കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് സ്വിഫ്റ്റ് സ്‌പോര്‍ട് സലോണിന്റെ പ്രധാന ആകര്‍ഷണം. പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പിനെ ലിമിറ്റഡ് എഡിഷന്‍ ടാഗോടെയാകും സുസൂക്കി വിപണിയില്‍ എത്തിക്കുക.
പുതിയ മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമില്‍ എത്തുന്ന സലോണ്‍ പതിപ്പില്‍ റെഡ് ഫിനിഷ് നേടിയ ഫ്രണ്ട് ലിപ് സ്‌പോയിലറും സൈഡ് സ്‌കേര്‍ട്ടുകളുമാണ് ഒരുങ്ങുന്നത്. സാറ്റിന്‍ ഗ്രെയ് സ്‌കീമിലാണ് പുതിയ ഹാച്ച്ബാക്കിന്റെ ഫ്രണ്ട് ഗ്രില്‍.
പിന്‍ഡോറുകള്‍ക്ക് ലഭിച്ച സ്‌പോര്‍ട് ബ്രാന്‍ഡിംഗ്, അഗ്രസീവ് ഡീക്കലുകള്‍, പുത്തന്‍ ഡിസൈനിലുള്ള ബ്ലാക് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നു സ്വിഫ്റ്റ് സ്‌പോര്‍ട് സലോണിന്റെ വിശേഷങ്ങള്‍.
റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്‌ളാറ്റ്‌ബോട്ടം സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നിവയാണ് ഹാച്ച്ബാക്കിന്റെ പ്രധാന സവിശേഷത. സ്വിഫ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലേക്ക് സുസൂക്കി ചുവട് മാറുന്നത്.