ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ച് അർജൻറീനയുടെ ലോകകപ്പ് ആഘോഷത്തിൽ പങ്കെടുത്ത ‘സാൾട്ട് ബേ’ എന്നറിയപ്പെടുന്ന തുർക്കി ഷെഫ് നസ്ർ-എറ്റ് ഗോക്സെയെ യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കി. 1914-ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിസോക്കർ ടൂർണമെന്റാണ് ഇത്. യുഎസ് ഓപ്പൺ കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇത് സ്ഥിരീകരിച്ചു. ഒരു ട്വീറ്റിൽ, യുഎസ് ഓപ്പൺ കപ്പ് എഴുതി, ”2023 @ഓപ്പൺകപ്പ് ഫൈനലിൽ നിന്ന് സാൾട്ട് ബേയെ നിരോധിച്ചിരിക്കുന്നു.
വിജയികൾക്ക് ചുരുങ്ങിയ ചിലർക്കും മാത്രം തൊടാൻ അനുമതിയുള്ള ലോകകപ്പ് ട്രോഫി കയ്യിലെടുത്താണ് പ്രമുഖ പാചക വിദഗ്ധൻ വിവാദത്തിലായത്. സ്വർണക്കപ്പ് തൊടുക മാത്രമല്ല, വിജയികളുടെ മെഡൽ കടിക്കുക കൂടി ചെയ്തിട്ടുണ്ട് സാൾട്ട് ബേ എന്ന പേരിൽ പ്രശസ്തനായ പാചക വിദഗ്ധൻ. ഇൻസ്റ്റഗ്രാമിൽ സാൾട്ട് ബേ പങ്കുവച്ച ചിത്രങ്ങൾക്കും വീഡിയോകള്ക്കും വ്യാപക വിമർശനമാണ് ഉയർന്നത്. ഇയാൾക്കെതിരെ ഫിഫ നടപടി വന്നേക്കും എന്നാണ് വിവരം. അതിന് മുന്നോടിയാണ് യുഎസ് ഓപ്പൺ കപ്പ് നിരോധനം എന്നാണ് സൂചന,
അർഹതയില്ലാതെ ലോകകപ്പിൽ തൊട്ടുവെന്നും ഫുട്ബോൾ കളിക്കാരെ അപമാനിച്ചുവെന്നതടക്കമാണ് വ്യാപകമായി ഉയരുന്ന വിമർശനം. ലുസൈൽ സ്റ്റേഡിയത്തിലെ അർജൻറീന ടീം അംഗങ്ങളുടെ വിജയാഘോഷത്തിനിടയ്ക്കാണ് സാൾട്ട് ബേയുടെ നുഴഞ്ഞുകയറ്റം.
ഏഞ്ചൽ ഡി മരിയ, ലിയോണൽ മെസി അടക്കമുള്ള താരങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങളും സാൾട്ട് ബേ പങ്കുവച്ചിട്ടുണ്ട്. 20 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന സ്വർണകപ്പ് സാധാരണ നിലയിൽ തൊടാൻ അവസരം ലഭിക്കുന്നത് വളരെ ചുരുക്കം പേർക്കാണ്.
ഫിഫ വെബ്സൈറ്റിൽ വിശദമാക്കുന്നതനുസരിച്ച് ലോകകപ്പിൻറെ ഒറിജിനൽ തൊടാൻ അനുമതിയുള്ളത് വിജയികൾക്കും മുന് വിജയികൾക്കും മറ്റ് ചിലർക്കും മാത്രമാണ്. 2014ൽ പോപ്പ് ഗായിക റിഹാനയും സമാനമായ നിലയിൽ ഈ നിബന്ധനകൾ ലംഘിച്ചിരുന്നു. ജർമനിയുടെ വിജയത്തിന് പിന്നാലെ സ്വർണക്കപ്പിനൊപ്പമുള്ള സെൽഫിയടക്കം പുറത്ത് വിട്ട് റിഹാനയും വിവാദത്തിലായിരുന്നു.
അബുദാബി, ദോഹ, ന്യൂയോർക്ക്, മിയാമി, ദുബായ് തുടങ്ങി പല ഇടങ്ങളിലും സാൾട്ട് ബേയ്ക്ക് ഭക്ഷണ ശാലകളുണ്ട്. പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ പാചക വിദഗ്ധനാണ് നുസ്രെത് ഗോക്‌ചെ.