തിരുവനന്തപുരം :സാം ഏബ്രഹാം കൊലക്കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ച നിര്‍ണായക ഫോണ്‍സന്ദേശം പ്രതി അരുണിന്റെ ഭാര്യയുടേതെന്ന് സൂചന.
ഒരു അജ്ഞാത സ്ത്രീയുടെ സന്ദേശമാണ് കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് നല്‍കിയത്. സോഫിയെയും കാമുകന്‍ അരുണ്‍ കമലാസനെയും കുടുക്കിയ ആ ഫോണ്‍ സന്ദേശം അരുണിന്റെ ഭാര്യയുടേതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
‘സോഫിയെ നിരീക്ഷിക്കൂ, അവള്‍ പലതും മറയ്ക്കുന്നുണ്ട്’ എന്നായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പൊലീസിന് ലഭിച്ച സന്ദേശം.
സാം കൊല്ലപ്പെടുന്നതിന് പത്തു മാസം മുന്‍പ് അരുണ്‍ ഭാര്യയെയും കുട്ടിയെയും കൊല്ലത്തെ വീട്ടിലേക്ക് മടക്കിവിട്ടിരുന്നു. കുട്ടിയെ പരിചരിക്കാനുള്ള എളുപ്പത്തിനായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് അരുണ്‍ സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്.
സോഫിയുമൊത്തുള്ള ഒരു രഹസ്യക്കൂടിക്കാഴ്ച്ച അരുണ്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഇത് കണ്ട ഭാര്യ അരുണിനോട് പിണങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അരുണിന്റെ വഴിവിട്ട പോക്ക് അവര്‍ വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആ ഫോണ്‍ സന്ദേശം അരുണിന്റെ ഭാര്യയുടേതാണെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിനില്‍ക്കുന്നത്.
സാമിനെ കൊല്ലാമെന്ന ആശയം മുന്നോട്ടുവച്ചത് സോഫിയാണെന്നാണ് അരുണ്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. താന്‍ ആദ്യം പിന്തിരിപ്പിച്ചെങ്കിലും സോഫി നിര്‍ബന്ധം പിടിക്കുകയായിരുന്നെന്നും സാം പറയുന്നു.
സാമിന്റെ മരണശേഷം മൃതദേഹവുമായി നാട്ടിലെത്തിയ സോഫി മൂന്നുദിവസത്തിനുശേഷം മെല്‍ബണിലേക്ക് മടങ്ങുകയും ചെയ്തു. അവിടെയത്തെിയ സോഫി പഴയ വീട് ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങിയതും കേസന്വേഷണത്തിന് വഴിത്തിരിവായി.
കോട്ടയത്ത് കോളേജില്‍ പഠിക്കുന്ന സമയത്താണ് സോഫി സാമുമായി പ്രണയത്തിലാകുന്നത്. പിന്നീട് അവിടെ പഠിക്കാനെത്തിയ അരുണുമായും സോഫി അടുത്തു. വിവാഹശേഷം ആദ്യനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്.
സോഫി ഓസ്‌ട്രേലിയയിലെത്തി കുറെനാളുകള്‍ക്കുശേഷമാണ് സാം അവിടെ എത്തിയത്. ഇതിനിടയില്‍ അരുണും ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയില്‍ എത്തുകയായിരുന്നു.