സാം ഓള്‍ട്ട്മാന്‍ ഓപ്പണ്‍ എഐയുടെ സിഇഒ ആയി വിണ്ടും ചുമതലയേറ്റു

സാന്‍ഫ്രാന്‍സിസ്‌കോ: ഏറെ നാടകീയസംഭവങ്ങള്‍ക്കൊടുവില്‍ സാം ഓള്‍ട്ട്മാന്‍ ഓപ്പണ്‍ എഐയുടെ സിഇഒ ആയി വിണ്ടും ചുമതലയേറ്റു. ഇതോടെ മൈക്രോസോഫ്റ്റ് വോട്ടവകാശം ഇല്ലാത്ത ബോര്‍ഡ് അംഗമായും സ്ഥാനം പിടിച്ചു. 49 ശതമാനം ഓഹരിയുമായി ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്.

ഓപ്പണ്‍ എഐയെ നയിക്കാനുള്ള ഓള്‍ട്ട്മാന്റെ കഴിവില്‍ വിശ്വാസമില്ലെന്ന കാരണമുന്നയിച്ചാണ് കമ്പനിയുടെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് ഓള്‍ട്ട്മാനെ പുറത്താക്കിയത്. ഇതിന് പിന്നാലെ അദ്ദേഹം പുതിയ കമ്പനി ആരംഭിക്കുമെന്ന അഭ്യൂഹം പരന്നു. പിന്നീട് ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമാകുമെന്ന പ്രഖ്യാപനവുമായി മേധാവി സത്യ നദെല്ല രംഗത്തുവന്നു. എന്നാല്‍ തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഓപ്പണ്‍ എഐയിലെ പഴയ ബോര്‍ഡ് അംഗങ്ങളെ എല്ലാം പുറത്താക്കാനും ഓള്‍ട്ട്മാനെ തിരികെ കൊണ്ടുവരാനും തീരുമാനമായി.ഇടക്കാല സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മിറ മുറാട്ടിയും നേതൃനിരയില്‍ തിരികെയെത്തി. യോഗ്യതയുള്ള അസാധാരണ വ്യക്തികള്‍ അടങ്ങുന്ന ബോര്‍ഡിന് രൂപം നല്‍കുമെന്നും അതില്‍ മൈക്രോസോഫ്റ്റിന്റെ വോട്ടവകാശമില്ലാത്ത നിരീക്ഷക അംഗവും ഉണ്ടാവുമെന്നും പുതിയ ബോര്‍ഡ് ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലര്‍ പറഞ്ഞു.

ഗവേഷണ പദ്ധതികളുമായി ഓപ്പണ്‍ എഐ മുന്നോട്ട് പോവുമെന്നും അതിന്റെ സുരക്ഷയ്ക്ക് വേണ്ടി കൂടുതല്‍ നിക്ഷേപം നടത്തിമെന്നും അദ്ദേഹം വ്യക്തമാക്കി.തന്നെ പുറത്താക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഇല്യ സുറ്റ്സ്‌കേവറിനോട് ഒട്ടും വെറുപ്പില്ലെന്ന് ഓള്‍ട്ട്മാന്‍ കമ്പനി ജീവനക്കാര്‍ക്കയച്ച കുറിപ്പില്‍ പറഞ്ഞു.

 

Top