ഇന്ത്യ- ഇംഗ്ലണ്ട് ഏകദിനം ; പരുക്കേറ്റ ജേസണ്‍ റോയ്ക്ക് പകരക്കാരനാവാന്‍ സാം

england

നോട്ടിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ട് താരം ജേസണ്‍ റോയ് കളിക്കില്ല. തിങ്കളാഴ്ച പരിശീലനത്തിനിടെ വലതു കൈക്ക് ഏറ്റ പരുക്കിനെ തുടര്‍ന്നാണ് റോയ് ഇന്നത്തെ മത്സരത്തില്‍ നിന്നും പിന്‍മാറുന്നത്.

റോയ്ക്ക് പകരക്കാരനായി ടീം ഇറക്കുന്നത് വിക്കറ്റ് കീപ്പറും മികച്ച ബാറ്റ്‌സ്മാനുമായ സാം ബില്ലിങ്‌സിനെയാണ്.

നേരത്തെ പരുക്കിനെ തുടര്‍ന്ന് ടീമിന്റെ മുന്‍നിര ബാറ്റ്‌സ്മാനായ അലക്‌സ് ഹെയില്‍സിനെയും മത്സരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഹെയില്‍സിനു പകരം മിഡ്‌ലെക്‌സസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മാലനെയാണ് ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.

ഹെഡിങ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5 മണി മുതലാണ് മത്സരം ആരംഭിക്കുക. മൂന്ന് കളികളുളള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കുന്നതിനാല്‍ ചൊവ്വാഴ്ചത്തെ മത്സരം പരമ്പര ജേതാക്കളെ നിര്‍ണയിക്കും.

ഇംഗ്ലണ്ടിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ആറു വിക്കറ്റ് പിഴുത കുല്‍ദീപ് യാദവിന്റെ മികവില്‍ ഇംഗ്ലണ്ടിനെ 268 റണ്‍സിനു ഇന്ത്യന്‍ ബൗളിങ് നിര പുറത്താക്കിയപ്പോള്‍ ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മയുടെ (137) സെഞ്ച്വറി മികവില്‍ ഇന്ത്യ വെറും 40.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.

അതേസമയം, ആദ്യ മത്സരത്തിലെ തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട ഇംഗ്ലണ്ട്, തോറ്റ അതേ ഇലവനെ ഉപയോഗിച്ചാണ് രണ്ടാം മത്സരത്തില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 86 റണ്‍സിന്റെ ദയനീയ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

പേസ് ബൗളര്‍മാരുടെ ദൗര്‍ബല്യങ്ങളും ബാറ്റിങ്ങിലെ പിഴവുകളുമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. അതുകൊണ്ടു തന്നെ പരമ്പര നേടാന്‍ വിരാട് കോലിയുടെ ഇന്ത്യന്‍ സംഘത്തിന് നന്നായി വിയര്‍ക്കേണ്ടിവരും.

Top