ന്യൂഡല്‍ഹി: ജഡ്ജിമാരെ വിമര്‍ശിച്ചതിനെതിരായ കോടതി അലക്ഷ്യ നടപടികളില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് വേണ്ടി ഭരണഘടനാ വിദഗ്ദ്ധന്‍ ഫാലി എസ് നരിമാന്‍ സുപ്രീംകോടതിയില്‍ ഹാജരാകും.
സൗമ്യ വധക്കേസ് പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നടന്നത് ചീഫ് ജസ്റ്റിസ് ഠാക്കൂറും, ജസ്റ്റിസ് ദാവെയും, ജസ്റ്റിസ് ഗോഗോയും കൂട്ടുകച്ചവടം നടത്തി തനിക്ക് എതിരെ നടത്തിയ മിന്നല്‍ ആക്രമണം ആയിരുന്നു എന്ന് കട്ജു ഇന്ന് ട്വിറ്ററില്‍ ആരോപിച്ചിരുന്നു.
സൗമ്യ വധക്കേസില്‍ ഉള്‍പ്പടെ ജഡ്ജിമാരെ വിമര്‍ശിച്ചതിന് ഇന്നലെ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് കോടതി അലക്ഷ്യ നടപടികളുടെ ഭാഗമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
കോടതി അലക്ഷ്യ നടപടികള്‍ കാണിച്ചു തന്നെ ഭീക്ഷണിപ്പെടുത്തേണ്ട എന്ന് കട്ജു വ്യക്തമാക്കിയിരുന്നു.
ജഡ്ജിമാരുടെ ദുഷ്പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന തന്റെ വായ അടപ്പിക്കാന്‍ ആണ് കോടതി അലക്ഷ്യ നോട്ടീസ് എന്നും കട്ജു അഭിപ്രായപ്പെട്ടു.
തന്നെക്കാള്‍ ജൂനിയറായ ജസ്റ്റിസ് ഗോഗോയിയുടെ അവഹേളനം സഹിച്ചാണ് കോടതിയില്‍ തുടര്‍ന്നത്. മുതിര്‍ന്നവരോട് എങ്ങനെ പെരുമാറണമെന്ന് ജസ്റ്റിസ് ഗോഗോയ്ക്ക് അറിയില്ലെന്നും കട്ജു ഫെയ്‌സ്ബുക്കില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ 10 മണിയോടെ ജഡ്ജിമാരെ വിമര്‍ശിച്ചു കൊണ്ട് ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും കുറിച്ച അഭിപ്രായങ്ങള്‍ ജസ്റ്റിസ് കട്ജു പിന്‍വലിച്ചു.