ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ക്ഷണം. സമാജ് വാദി പാര്‍ട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന കര്‍സേവകരുടെ കുടുംബങ്ങളുടെ ആവശ്യം തള്ളിയാണ് ക്ഷണം. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെ ക്ഷണിച്ചതായി വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.
പ്രതിഷ്ഠാ ചടങ്ങിന് മുന്‍പോ ശേഷമോ ആയിരിക്കും നേതാക്കള്‍ പോവുക. ഉത്തര്‍പ്രദേശ് പിസിസി തിങ്കളാഴ്ച അയോധ്യ സന്ദര്‍ശിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കും എന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഗവര്‍ണര്‍ക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ഉണ്ട്. 22-ന് വലിയ തിരക്കുണ്ടാകുമെന്നത് കണക്കിലെടുത്താണ് ഗവര്‍ണര്‍ നേരത്തെ അയോധ്യ സന്ദര്‍ശിക്കുന്നത്.
സമാജ് വാദി പാര്‍ട്ടിയെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന ആവശ്യവുമായി രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി വെടിയേറ്റ് മരിച്ച കര്‍സേവകരുടെ കുടുംബങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കും എന്നതാണ് സമാജ്വാദി പാര്‍ട്ടിയുടെ നിലപാട്. അതേസമയം, അയോധ്യ പ്രതിഷ്ഠാ ചടങ്ങ് മാത്രമാണ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം.