കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച അവസാനിപ്പിച്ചതായി സമാജ്‌വാദി പാർട്ടി. 17 ലോക്സഭാ സീറ്റുകളെന്ന വാഗ്ദാനം സമാജ്‌വാദി പാർട്ടി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ചർച്ചകൾ അവസാനിച്ചെന്നും കോൺഗ്രസിന് വാഗ്ദാനം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നും പാർട്ടി വ്യക്തമാക്കിയാതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രാഹുൽ ഗാന്ധി അമേഠിയിൽ എത്തിയ തിങ്കളാഴ്ചയാണ് കോൺഗ്രസിന് ഓഫർ നൽകിയത്. ഇതിനോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ലെന്നും നിരസിച്ചതിൻ്റെ സൂചനയാണിതെന്നും എസ്പി നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. കോണ്‍ഗ്രസ് ആവശ്യപ്പെട്ട യുപിയിലെ മൊറാദാബാദ്, ബിജ്‌നോര്‍, ബല്ലിയ സീറ്റുകളെ ചൊല്ലിയാണ് സീറ്റ് വിഭജനം വഴിമുട്ടി നില്‍ക്കുന്നത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൊറാദാബാദ് സീറ്റില്‍ എസ്പി വിജയിച്ചിരുന്നു.
മൊറാദാബാദ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വളരെ ചെറിയ വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. എസ്പിയുടെ ശക്തിദുര്‍ഗമായ ബല്ലിയ സീറ്റും ബിജ്‌നോറും കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുതരാനാവില്ലെന്ന നിലപാടാണ് അഖിലേഷ് യാദവ് സ്വീകരിച്ചത്.