ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ അടിമത്തത്തിന്റെ പ്രതീകമാണെന്നും, അത് തകര്‍ത്തുകളയണമെന്നും സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാന്‍.
ഇന്ത്യന്‍ സംസ്‌കാരത്തിനു മേലുള്ള കളങ്കമാണു താജ്മഹലെന്നും, അതിനു ചരിത്രത്തില്‍ ഇടംകൊടുക്കേണ്ടതില്ലായെന്നും ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞതിനുള്ള പ്രതികരണമായാണു അസം ഖാന്റെ ഈ പ്രസ്താവന.
‘നമ്മെ മുന്‍പ് അടക്കി ഭരിച്ചിരുന്നവരുടെ എല്ലാ സ്മാരകങ്ങളും നശിപ്പിക്കേണ്ടതുണ്ട്.
താജ് മഹല്‍, കുത്തബ് മിനാര്‍, ചെങ്കോട്ട, പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍ തുടങ്ങിയവയെല്ലാം അടിമത്തത്തിന്റെ പ്രതീകങ്ങളാണ്.
ഇതു ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്’ മുന്‍ യുപി മന്ത്രി കൂടിയായ അസം ഖാന്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹം ഗൗരവത്തിലാണോ പരിഹാസത്തോടെയാണോ ഇങ്ങനെ പറഞ്ഞതെന്ന കാര്യം വ്യക്തമല്ല.
താജ് മഹല്‍ പൊളിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നു നേരത്തേ തന്നെ അസംഖാന്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ സൈന്യത്തിനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയതിനു അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തിരുന്നു.
ഹിന്ദുക്കളെ തുടച്ചുനീക്കുകയെന്നതായിരുന്നു ഷാജഹാന്റെ ശ്രമമെന്നും അത്തരം ആളുകള്‍ക്ക് ഇടംകൊടുക്കുന്ന ചരിത്രത്തെ തിരുത്തി കുറിക്കണമെന്നുമാണ് സംഗീത് സോം പറഞ്ഞത്