ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ‘ആഘോഷിക്കാന്‍’ സമാജ്‌വാദി പാര്‍ട്ടി

akhilesh

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ആഘോഷിക്കാന്‍ ഒരുങ്ങി സമാജ്‌വാദി പാര്‍ട്ടി. വിജയാഘോഷത്തിനു വേണ്ടിയാണെന്നു പാര്‍ട്ടി പറയുമ്പോഴും രണ്ടു ദിവസത്തിനു ശേഷം നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഒപ്പമുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണിതെന്നാണു സൂചന.

ഇന്നു രാത്രിയാണ് ലക്‌നൗവിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി അനുഭാവികള്‍ക്കും രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കുമായി എസ്പി വിരുന്നൊരുക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ തലവന്‍ അഖിലേഷ് യാദവിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവും അദ്ദേഹത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. അധികാരത്തര്‍ക്കത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. എന്നാല്‍, 25 വര്‍ഷം മുന്‍പ് മുലായം പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ വലംകയ്യായി ശിവ്പാലും ഉണ്ടായിരുന്നു.

പാര്‍ട്ടിയിലെ ഇരുനൂറോളം അംഗങ്ങള്‍ക്കാണു വിരുന്നിലേക്കു ക്ഷണം. സ്വതന്ത്ര എംഎല്‍എമാരായ രഘുരാജ് പ്രതാപ് സിങ്ങിനും ക്ഷണമുണ്ട്. ഇതോടെ രാജ്യസഭയില്‍ ബിജെപി ഉറപ്പിച്ചിരുന്ന ഒരു വോട്ടാണ് മാറിമറിയുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. എന്നാല്‍ ബിഎസ്പിയുമായി എസ്പി കൂട്ടുകൂടിയതില്‍ രഘുരാജിന് അതൃപ്തിയുണ്ട്. ബിഎസ്പിയുടെ ഭരണകാലത്ത് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നതിന്റെ അമര്‍ഷം രഘുരാജിന് ഇപ്പോഴുമുണ്ട്. എന്നാല്‍ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനാണ് അഖിലേഷിന്റെ നീക്കം.

എസ്പിയുടെ മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത്തരം കൊഴിഞ്ഞുപോക്കുകള്‍ ഒഴിവാക്കാന്‍ കൂടിയാണു എസ്പിയുടെ ‘വിരുന്ന് നയതന്ത്രം’. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാര്‍ട്ടി അംഗങ്ങളെ പ്രത്യേക വിരുന്നിനായി ക്ഷണിച്ചിട്ടുണ്ട്.

Top