ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്ത് സമാന്ത

നാഗചൈതന്യയ്‌ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സമാന്ത. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന രണ്ടു ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടില്ല. നാലു വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്.

‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സമാന്ത) ഭാര്യഭര്‍ത്താക്കന്മാരെന്ന രീതിയില്‍ വേര്‍പിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടെന്നതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇനിയും അടുപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു.’-വിവാഹമോചനവാര്‍ത്ത പങ്കുവച്ച് നാഗചൈതന്യയുടെ വാക്കുകള്‍.

2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റില്‍ വച്ചാണ് സമാന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിന ഇരുവരും വിവാഹിതരായി. സമാന്ത തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍നിന്ന് അക്കിനേനി എന്ന പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്.

Top