ഷാരൂഖ് – അറ്റ്‌ലീ ചിത്രത്തില്‍ നയന്‍താരയ്ക്ക്‌ പകരം സാമന്ത !

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. നയന്‍സിന് പകരം സാമന്ത ചിത്രത്തിന്റെ ഭാഗമാവുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണത്തിന് പുണെയില്‍ തുടക്കമായിരുന്നു.

എന്നാല്‍, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനെതുടര്‍ന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോവുകയാണ്. ഷാരൂഖ് എന്ന് സിനിമാ തിരക്കുകളിലേക്ക് കടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ചിത്രീകരണം നീണ്ടു പോകുന്നതിനാല്‍ ഡേറ്റിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെയാണ് സാമന്തയ്ക്ക് ചിത്രത്തിലേക്ക് വഴി തുറന്ന് കിട്ടിയത്.

എന്നാല്‍ ഈ വാര്‍ത്തയില്‍ അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രിയാമണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുക എന്നും ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ഷാരൂഖ് എത്തുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാനാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ഷാരൂഖ് ചിത്രം. സ്‌പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു. നേട്രിക്കണ്‍, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതല്‍ എന്നീ ചിത്രങ്ങളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Top