സാമന്ത നായികയാകുന്ന ചിത്രം ‘ശാകുന്തളം’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളത്തില്‍ അഭിനയിക്കാൻ തനിക്ക് താല്‍പര്യമുണ്ട് എന്ന് സാമന്ത പറയുന്നു.
മലയാളത്തിൽ അർഹമായ അവസരം വന്നാൽ അഭിനയിക്കുമെന്നാണ് നടി സാമന്ത പറഞ്ഞത്. തന്റെ പുതിയ ചിത്രം ‘ശാകുന്തള’ത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു സാമന്ത. എന്ത് മനോഹരമായ സിനിമ എന്നാണ് ‘ശാകുന്തളം’ കണ്ട് സാമന്ത അഭിപ്രായം പറഞ്ഞത്. കുടുംബ പ്രേക്ഷകര്‍ ഇത് കാണുന്നതിനായി തനിക്ക് കാത്തിരിക്കാനാകുന്നില്ലെന്നും ‘ശാകുന്തളം’ എക്കാലവും പ്രിയപ്പെട്ടതായിരിക്കുമെന്നും സാമന്ത പറഞ്ഞിരുന്നു.
ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി ചിത്രീകരിക്കാനുള്ളത്. ‘ഖുഷി’ എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.