കാസര്‍കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് ഉച്ചയോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. രാവിലെ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് ജനകീയ ചര്‍ച്ചാ സദസ് സംഘടിപ്പിക്കും.
തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിക്കൂര്‍ വഴി സഞ്ചരിക്കുന്ന യാത്ര വൈകിട്ട് 4 മണിക്ക് മട്ടന്നൂരില്‍ എത്തും. മട്ടന്നൂരിലും കണ്ണൂരിലുമാണ് ഇന്ന് പൊതുസമ്മേളനം. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേതാക്കള്‍ പൊതുസമ്മേളനങ്ങളില്‍ ഉന്നയിക്കുന്നത്. സമാനമായ പ്രതികരണങ്ങള്‍ ഇന്നത്തെ യോഗങ്ങളിലും നേതാക്കള്‍ പ്രസംഗിക്കും.ചര്‍ച്ചയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിഷയങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് 12 മണിക്ക് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 2.30ന് സമരാഗ്‌നിക്ക് കണ്ണൂര്‍ – കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വെച്ച് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
സര്‍ക്കാര്‍ സംഘടിപ്പിച്ച നവ കേരള സദസ്സിലെ പ്രഭാത ഭക്ഷണയോഗത്തില്‍ കരാറുകാരും മുതലാളിമാരുമാണ് പങ്കെടുത്തിരുന്നതെങ്കില്‍ സമരാഗ്‌നിയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസ്സില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും മത്സ്യത്തൊഴിലാളികളും കര്‍ഷകരും പെന്‍ഷന്‍ ലഭിക്കാത്ത ഉപഭോക്താക്കളുമാണ് പങ്കെടുക്കുക എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.