മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം മുസ്ലിംലീഗിന്റെ വോട്ട് ബാങ്കിലാണിപ്പോള്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട കേരള ജംഇയ്യത്തുല്‍ ഉലമ(ഇ കെ വിഭാഗം) നേതാക്കളുടെ നടപടിയാണ് ലീഗ് നേതൃത്വത്തിന് തിരിച്ചടിയായിരിക്കുന്നത്. സമസ്തയിലെ പ്രബല വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെയാണിപ്പോള്‍ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. സമസ്തയിലെ എതിര്‍ വിഭാഗത്തെ ഒതുക്കാന്‍ തെറിവിളിയും ഭീഷണിയും വിലക്കുമൊക്കെയായി ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ക്ക് നേരെയാണ് ഒരുവിഭാഗം ലീഗുകാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്. ഇരുവരെയും മാര്‍ക്സിസ്റ്റുകാരും പിണറായി ഭക്തരുമായി ചിത്രീകരിച്ചാണ് ആക്രമിക്കുന്നത്. കോഴിക്കോട്ട് നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും മലപ്പുറത്ത് നടന്ന പരിപാടിയില്‍ മാനേജര്‍ കെ മോയിന്‍കുട്ടിയുമാണ് പങ്കെടുത്തിരുന്നത്. ഇത് തടയാന്‍ ലീഗ് നേതൃത്വം കിണഞ്ഞ് ശ്രമിച്ചിരുന്നെങ്കിലും ഇരുവരും വഴങ്ങിയിരുന്നില്ല. സമസ്ത നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തത് ലീഗിന് വലിയ തിരിച്ചടിയായതായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. സമസ്തയിലെ ഒരു വിഭാഗം മാത്രം ഉടക്കി നിന്നാല്‍ പോലും വലിയ വിലയാണ് ലീഗിന് നല്‍കേണ്ടി വരിക. കാരണം ലീഗിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് സമസ്ത.
ഇത് തിരിച്ചറിഞ്ഞ് കടന്നാക്രമിച്ച് നിശബ്ദരാക്കുക എന്ന തന്ത്രമാണിപ്പോള്‍ ലീഗിലെ ഒരു വിഭാഗം പയറ്റുന്നത്. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ പിന്തുണയോടെയാണ് മതപണ്ഡിതര്‍ക്ക് നേരെ നീചമായ കടന്നാക്രമണം നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച ഉമര്‍ ഫൈസിയെ മുന്‍ എം.എല്‍.എ മായിന്‍ഹാജി പരസ്യമായാണ് വിമര്‍ശിച്ചിരുന്നത്. എസ്വൈഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ഫൈസി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കുട്ടി ഹസന്‍ ദാരിമി എന്നിവരും സമസ്ത നേതാക്കളെ ചേരിതിരിഞ്ഞാക്രമിക്കാന്‍ ഇപ്പോള്‍ രംഗത്തുണ്ട്. ഈ മൂവരെയും മറയാക്കിയാണ് ഒരു വിഭാഗം ലീഗ്–യൂത്ത്ലീഗുകര്‍ ദുഷ് പ്രചാരണം നടത്തുന്നതെന്നാണ്,ൃ സമസ്തയിലെ പ്രബല വിഭാഗം ആരോപിക്കുന്നത്.
സമസ്തയെ ലീഗിന്റെ വാലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുടെ രോഷമാണ്, അപവാദ–വ്യാജപ്രചാരണങ്ങളെന്നാണ് സമസ്ത യുവജന–വിദ്യാര്‍ഥി നേതാക്കളും വ്യക്തമാക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ മലപ്പുറത്തെ പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാരെ വിലക്കിയത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളാണെന്നാണ് പ്രമുഖ മാധ്യമം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 28–നായിരുന്നു മലപ്പുറത്ത് കേരള പര്യടനം നടന്നിരുന്നത്. ഇതില്‍ പങ്കെടുക്കുമെന്ന് ആലിക്കുട്ടി മുസ്ല്യാര്‍ നേരത്തെ അറിയിച്ചിരുന്നതുമാണ്. ഇതോടെയാണ് ലീഗ് നേതൃത്വം ഇടപെടലുമായി രംഗത്ത് വന്നിരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ്തങ്ങളുമാണ് ആദ്യം പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നതത്രെ. ഇത് ചെവി കൊള്ളാന്‍ ആലിക്കുട്ടി മുസ്ല്യാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ നേരിട്ട് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നത്.
തുടര്‍ന്നാണ് സമസ്ത പ്രതിനിധിയായി കെ മോയിന്‍കുട്ടി യോഗത്തില്‍ പങ്കെടുത്തിരുന്നത്. മുസ്ലീംലീഗ് നേതാക്കളുടെ ഈ ഇടപെടലും നേതാക്കള്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണവും സമസ്ത അണികളില്‍ വ്യാപക പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് ഉണ്ടാക്കിയ കൂട്ട് കെട്ടിലുള്ള അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ കലാശിച്ചിരിക്കുന്നത്. സമസ്തയിലെ ലീഗ് അനുകൂലികള്‍ പോലും ഈ സഖ്യത്തിന് എതിരാണ്. സമസ്തയെ വെല്ലുവിളിച്ച് സഖ്യമുണ്ടാക്കിയതിന് ശക്തമായ തിരിച്ചടി ലീഗിന് നല്‍കണമെന്ന അഭിപ്രായവും ആ സംഘടനക്കുള്ളിലുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ പ്രതിഷേധം പ്രകടിപ്പിക്കാനാണ് ഒരു വിഭാഗം സമസ്ത പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതില്‍ ഏറെ ആഹ്ലാദിക്കുന്ന വിഭാഗവും സമസ്ത തന്നെയാണ്.
നിലപാടിന്റെ കാര്യത്തില്‍ പിണറായി വിജയനെ ലീഗ് നേതാക്കള്‍ കണ്ട് പഠിക്കണമെന്നതാണ് സമസ്ത നേതൃത്വം ആവശ്യപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയെ ഇടതുപക്ഷ സംഘടനകള്‍ മാറ്റി നിര്‍ത്തിയതും സമസ്തയെ സന്തോഷിപ്പിച്ച സംഭവമാണ്. മുഖ്യമന്ത്രി പങ്കെടുത്ത റാലികളില്‍ സമസ്തയും കാന്തപുരം സുന്നികളും ഉള്‍പ്പെടെ മറ്റ് സംഘടനകളെല്ലാം സജീവമായാണ് പങ്കെടുത്തിരുന്നത്. ചരിത്രം കുറിച്ച മനുഷ്യ ശൃംഖലയിലാകട്ടെ മുസ്ലീം ലീഗിന്റെയും യു.ഡി.എഫ് നേതൃത്വത്തിന്റെയും എതിര്‍പ്പിനെ തള്ളിയാണ് സമസ്ത പങ്കാളിയായിരുന്നത്. 80 ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഈ മഹാശൃംഖല മോദി സര്‍ക്കാറിനെയും അമ്പരിപ്പിച്ച വന്‍ ജനമുന്നേറ്റമായാണ് മാറിയിരുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇത്രയും പേര്‍ പങ്കെടുത്ത ഒരു പ്രക്ഷോഭം രാജ്യത്ത് മറ്റെവിടെയും തന്നെ നടന്നിട്ടുമില്ല. മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും പിന്തുണയ്ക്കാന്‍ സമസ്തയെ പ്രേരിപ്പിക്കുന്നതും ഇതൊക്കെ തന്നെയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു പ്രമേയം പാസാക്കാന്‍ പോലും കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത് വേണ്ടി വന്നു എന്ന അഭിപ്രായവും സമസ്ത പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. സംഘപരിവാര്‍ ഭീഷണിയെ ചെറുക്കാന്‍ പിണറായിയെ പോലെയുള്ള ഒരു മുഖ്യമന്ത്രിയാണ് വേണ്ടതെന്ന കാര്യത്തിലും അവര്‍ക്കിടയില്‍ തര്‍ക്കമില്ല.
അതേസമയം യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആരാണ് മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ലീഗിന് പോലും മറുപടി ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. യു.ഡി.എഫ് വന്നാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകും എന്ന മറുപടി മാത്രമാണ് ലീഗ് കേന്ദ്രങ്ങള്‍ സമസ്തക്കും നല്‍കുന്നത്. എന്നാല്‍, മധ്യ കേരളത്തിലെ പ്രധാന ശക്തിയായ ജോസ്.കെ മാണി വിഭാഗം യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ യു.ഡി.എഫിന് ഇനി സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ കഴിയുമോ എന്ന സംശയം സമസ്ത പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ലീഗ് അണികള്‍ക്കിടയിലും നിലവില്‍ ശക്തമാണ്.
ഈ സാഹചര്യത്തില്‍ ഉള്ള വോട്ടു കൂടി കളയാനാണ് ലീഗിന്റെ പ്രകോപനം വഴിവയ്ക്കൂ എന്നതാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. സമസ്ത നേതാക്കള്‍ക്കെതിരായ കടന്നാക്രമണം ലീഗിന് തന്നെ തിരിച്ചടിയാവുന്ന സാഹചര്യമാണിപ്പോള്‍ നിലവിലുള്ളത്. സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചാല്‍ പോലും അത് മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളില്‍ ഇടതുപക്ഷത്തിന് വലിയ നേട്ടമാണ് സമ്മാനിക്കുക.