കോഴിക്കോട്: കേരള സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സര്‍ക്കാരിന്റെ ജനസദസ്സിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. ‘ഈ സദസ്സ് ആരെ കബളിപ്പിക്കാന്‍’ എന്ന പേരിലാണ് സുപ്രഭാതത്തിലെ മുഖപ്രസംഗം. അതേസമയം, നവകേരള സദസിനെ പിന്തുണക്കുന്ന ‘ജനമനസറിയാന്‍ നവ കേരള സദസ്സ്’ എന്ന മുഖ്യമന്ത്രിയുടെ ലേഖനവും ഒരേ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കണ്‍കെട്ട് വിദ്യ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വഖഫ്, പലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ സിപിഎം അനുകൂലനിലപാടാണ് സമസ്ത കൈക്കൊണ്ടിരുന്നത്. എന്നാല്‍ അതില്‍ നിന്നും വിത്യസ്ഥമായൊരു നിലപാടാണ് സമസ്തയിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്ലിംലീഗുള്‍പ്പെടെ ഇതില്‍ സമസ്തക്കെതിരെ തിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരെയുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.